മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ പിടിയിലായ അലീനയുടെ ഭീഷണി സന്ദേശം പുറത്ത്. കേസുമായി ബന്ധപ്പെട്ട രഹസ്യ മൊഴി നൽകാനെത്തിയ പരാതിക്കാരിക്കാണ് ഭീഷണിസന്ദേശം അയച്ചത്. പൊലീസിൽ പരാതിപ്പെട്ടതിനാണ് ഭീഷണി. ‘അയാൾ’ വിടില്ലെന്നും പണി തരുമെന്നും അലീന പറയുന്നു. അലീനയുടെ ആൺ സുഹൃത്തായ ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
സിനിമാ സീരിയൽ താരങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. മുഖ്യപ്രതി സിന്ധുവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ചില താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. സെക്‌സ് റാക്കറ്റുമായും താരങ്ങൾക്ക് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കും.
അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മികച്ച വരുമാനമുള്ള മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിൽ എത്തിക്കും. വിമാനത്താവളത്തിൽ നിന്ന് യുവതികളെ ഹോട്ടൽ മുറിയിലേക്കാവും കൊണ്ടുപോവുക. മയക്കുമരുന്ന് നൽകി പീഡിപ്പിക്കും. ബോധരഹിതരായാൽ പലർക്കും കാഴ്ചവെയ്ക്കും. പിന്നീട് മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ കാണിച്ച് ക്രൂരമർദ്ദനവും ഭീഷണിയും തുടരുമെന്നുമാണ് പരാതിയിൽ പറയുന്നത്.