കേരളത്തെ രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റിയത് ആഭ്യന്തര വകുപ്പ്: വി. എം സുധീരന്‍

കേരളം കൊലക്കളമായി മാറി കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍. ഒന്നിനു പുറകെ ഒന്നായി രാഷ്ട്രീയ കൊലപാതകങ്ങളും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരികയാണ്. പൊലീസിലുള്‍പ്പെടെ ക്രിമിനലുകളുടെ എണ്ണം കൂടി വരികയാണ് എന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തെ രാഷ്ട്രീയ കുരുതിക്കളമായി മാറ്റിയത് ആഭ്യന്തര വകുപ്പിന്റെ തെറ്റായ നയസമീപനങ്ങളും പ്രവര്‍ത്തന രീതിയുമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും സംഘര്‍ഷങ്ങളും അക്രമങ്ങളും യഥാസമയം തടയുന്നതിനോ കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന്റെ പിടിയില്‍ പൂര്‍ണമായി കൊണ്ടു വരുന്നതിനോ അര്‍ഹമായ നിലയില്‍ ശിക്ഷിക്കപ്പെടുന്നതിനോ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത് എന്നും വി.എം സുധീരന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങളെ ഫെയ്‌സ് ബുക്കിലൂടെ അപലപിക്കുകയായിരുന്നു അദ്ദേഹം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യന്തം നിര്‍ഭാഗ്യകരവും അങ്ങേയറ്റം അപലപനീയവും അതീവ ദുഃഖകരവുമായ രാഷ്ട്രീയകൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് തിരുവല്ല പെരിങ്ങര സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റേത്. ആര്‍.എസ്.എസ്സുകാരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് സി.പി.എം. ആരോപിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പാലക്കാട് എലപ്പുള്ളി സ്വദേശിയും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ സഞ്ജിത് കൊലചെയ്യപ്പെട്ടത്. എസ്.ഡി.പി.ഐ.കാരാണ് ഇതിനുത്തരവാദികളെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

ഇതേസമയം തന്നെയാണ് പെരിയ ഇരട്ടക്കൊലപാതകകേസില്‍ സി.പി.എം.പ്രവര്‍ത്തകരെ സി.ബി.ഐ. അറസ്റ്റു ചെയ്തത്. മുന്‍ എം.എല്‍.എ. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സി.ബി.ഐ. അന്വേഷണത്തിന് തടയിടാന്‍ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തു കൊണ്ട് സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയതിന്റെ പൊരുള്‍ സംശയാതീതമായി ഇതോടെ വ്യക്തമായിരിക്കുകയാണ്.

രാഷ്ട്രീയകൊലപാതകങ്ങള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി ഉണ്ടാകുന്ന ദുസ്ഥിതിയാണ് കേരളത്തിലുള്ളത്. മനുഷ്യജീവന് തെല്ലും വിലയില്ലാത്ത, നാടിനപമാനകരമായ ദുരവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ കേരളം കൊലക്കളമായി മാറിയിരിക്കുകയാണ്. സംഘര്‍ഷങ്ങളും അക്രമങ്ങളും യഥാസമയം തടയുന്നതിനോ കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന്റെ പിടിയില്‍ പൂര്‍ണ്ണമായി കൊണ്ടുവരുന്നതിനോ അര്‍ഹമായ നിലയില്‍ ശിക്ഷിക്കപ്പെടുന്നതിനോ കഴിയുന്നില്ലെന്ന സാഹചര്യമാണ് സംസ്ഥാനത്തു നിലനില്‍ക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും വ്യാപകമാകുന്നു. പോലീസിലാകട്ടെ ക്രിമിനലുകളുടെ എണ്ണം പെരുകിവരുന്നു. കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയും അത് തുടരുന്നത് നിരര്‍ത്ഥകമാണെന്നു വന്നിരിക്കുന്നു. കേരളം രാഷ്ട്രീയ കുരുതിക്കളമായി മാറ്റിയത് ആഭ്യന്തരവകുപ്പിന്റെ തെറ്റായ നയസമീപനങ്ങളും പ്രവര്‍ത്തന രീതിയുമാണ്. ഇതെല്ലാം അടിമുടി തിരുത്തപ്പെടണം. യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണം.അതിനു കഴിയുന്ന സാഹചര്യം ഒരുക്കിയില്ലെങ്കില്‍ കേരളം ക്രിമിനലുകളുടെ സ്വന്തം നാട് എന്ന നിലയിലാകുമെന്ന ആശങ്കയാണ് സാര്‍വത്രികമായി വളര്‍ന്നു വന്നിട്ടുള്ളത്.

കേരളത്തെ ചോരക്കളമാക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് സമാധാനകാംഷികളായ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അസാധാരണ സാഹചര്യമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തിയേ മതിയാകൂ..ഈ ചോരകളി അവസാനിപ്പിക്കണം…

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ