പാലിയേക്കര ടോള്‍ പിരിവില്‍ ഇടപെടലുമായി ഹൈക്കോടതി. പത്ത് സെക്കന്റിനുള്ളില്‍ വാഹനങ്ങള്‍ കടന്ന് പോകണമെന്നും 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി അറിയിച്ചു. അങ്ങനെ സംഭവിച്ചാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
ദേശീയ പാത അതോറിറ്റി കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ ഒ ആര്‍ ജെനീഷ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.
അടിപ്പാത നിര്‍മ്മാണ മേഖലയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.