സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം.
ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വിഡി സതീശൻ വിഭാഗത്തിന്റെ നിലപാട്.
ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ടീം യുഡിഎഫിന്റെ നായകനെ എങ്ങിനെ മാറ്റിനിർത്തും എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.