നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും സ്വതന്ത്രനായി തന്നെ മല്‍സരിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. ആരുടേയും പിന്തുണയ്ക്ക് വേണ്ടി ചെല്ലില്ലെന്നും ജി സുധാകരന്‍. മല്‍സരിക്കുന്നത് പാര്‍ട്ടിയ്‌ക്കെതിരെയല്ലെന്നും അഴിമതിക്കെതിരെയെന്നും ജി സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായോ സമീപിച്ചിട്ടില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.
ഏറെക്കാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞനിൽക്കുന്ന ജി. സുധാകരൻ വ്യാഴാഴ്ച രാവിലെ 11-ന് വാർത്താസമ്മേളനം നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പാർട്ടി ജില്ലാ ഘടകം ഇത് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് വാർത്താസമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളിൽ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ജി സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. 15 പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തു. പാർട്ടി ആശയം അനുസരിച്ചാണ് ജീവിച്ചത്. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ല. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ആഗ്രഹിക്കുന്നില്ല. എന്നെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമം. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. പുസ്തകം വായിച്ചു നോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ. എന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല ഞാൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരും.
രാഷ്ട്രീയ ദൗത്യവുമായി ആരും വീട്ടിൽ വന്നിട്ടില്ല. അതിന്റെ സാഹചര്യമില്ല. 15–ാം വയസ്സിൽ പാർട്ടി അംഗമായതാണ്. പുറത്തുവരുന്നത് ഞാൻ പറയാത്ത വാർത്തകൾ. അറിയാവുന്നവർക്ക് എന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകി ല്ലെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെക്കുറിച്ച് വാർത്തകൾ വരുന്നു. ഒരു മാധ്യമത്തോടും മത്സരിക്കുന്നു എന്നു പറഞ്ഞിട്ടില്ല. ആരോടും മത്സര സന്നദ്ധ അറിയിച്ചിട്ടില്ല. ഒരു പ്രതിപക്ഷ നേതാവിനോടും ചർച്ച നടത്തിയിട്ടില്ല. ഏതെങ്കിലും മുന്നണി സ്ഥാനാർഥിയായി മത്സരിക്കുമെന്നും പറഞ്ഞിട്ടില്ല’.