കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. പൊലീസിന് നേരെ ആക്രമണം നടത്തിയെന്ന കേസിലാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. എട്ട് കേസുകളിലായി 356 പേരാണ് പ്രതികൾ.
ആം ആദ്മി പ്രവര്‍ത്തകനും, സമരസമിതി പ്രവര്‍ത്തകനുമായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവന്‍കുട്ടി, കൂടത്തായി സ്വദേശി എപി അഷ്‌റഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇന്നലെ രാത്രി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പൊലിസ് പരിശോധനയ്ക്ക് എത്തിയിരുന്നു.
ചൊവ്വാഴ്ച വൈകീട്ടാണ് പ്ലാന്റിനു മുന്നില്‍ നടന്ന സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്കും 25 ഓളം നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു. വധശ്രമം,കലാപം ,വഴി തടയൽ, അന്യായമായി സംഘം ചേരൽ,പോലീസ് കൃത്യനിർവ്വഹണം തടസപ്പെടുത്താൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊലീസിനെ വളഞ്ഞിട്ട് പ്രതിഷേധകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.