തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് വിമർശിച്ച വി ഡി സതീശൻ പയ്യന്നൂരിലും പാനൂരിലും ബോംബുകളും വടിവാളുകളുമായി ചില അക്രമിസംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നും കുറ്റപ്പെടുത്തി. പല സ്ഥലത്തും ഇതെല്ലാം പൊലീസ് നോക്കിനിൽക്കുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് പൊട്ടി കൈ പോയതിന് പടക്കം പൊട്ടി എന്നാണ് പൊലീസ് പറയുന്നതെന്നും വി ഡി സതീശൻ പരിഹസിച്ചു. സ്വന്തം നാട്ടിൽ, സ്വന്തം പാർട്ടിക്കാർ എതിരാളികളെ കൊല്ലാൻ ബോംബ് നിർമിക്കുമ്പോൾ മുഖ്യമന്ത്രി അതിന് കൂട്ടുനില്‍ക്കുകയാണ്. മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. പൊലീസിനെ പരിഹാസപാത്രമാക്കുകയാണ്. ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം വിവാദമായ പാരഡി ഗാനത്തിലും വി ഡി സതീശൻ പ്രതികരിച്ചു. പാരഡി ഗാനം പാടുന്നത് കേരളത്തിൽ ആദ്യമായാണോ എന്ന് ചോദിച്ച സതീശൻ, ഇതേ അയ്യപ്പ ഭക്തിഗാനം കൊണ്ട് സിപിഐഎം പാരഡി ഗാനം ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. 11 വർഷം മുമ്പാണ് ഇതേ ഗാനം വെച്ച് സിപിഐഎം പാരഡി ഗാനം ഉണ്ടാക്കിയത്. കെ കരുണാകരൻ വാഹനത്തില്‍ പോകുന്നതിനെ കളിയാക്കിയാണ് ആ പാട്ട് ഉണ്ടാക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു.