മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇ ഡി നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയതെന്ന് എം എ ബേബി പറഞ്ഞു. ഇ ഡി ബിജെപി സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റ് ആണെന്നും എം എ ബേബി പറഞ്ഞു.
വസ്തുതകൾ ഇല്ലാത്ത നോട്ടീസാണിതെന്നും നോട്ടീസ് അയച്ചിട്ട് കുലുക്കം ഇല്ലെന്ന് കണ്ടതോടെ പിന്നീട് ഇഡിക്ക് അനക്കം ഇല്ലാതായെന്നും എം എ ബേബി പറഞ്ഞു. ശബരിമല കൊള്ളയിൽ പാർട്ടിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും എം എ ബേബി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും എം എ ബേബി പറഞ്ഞു.
തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ട് വരും. പാർട്ടിയ്ക്ക് ഇക്കാര്യത്തിൽ വേവലാതി ഇല്ല. ബിഹാറിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ല. 29 സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കും. ഇക്കാര്യം തേജസ്വി യാദവ് ഉറപ്പ് നൽകിയിട്ടുണ്ട്. മുന്നണിയിലെ പുതിയ പാർട്ടികൾക്ക് ആർജെഡി സീറ്റ് വിട്ടു നൽകുമെന്നും എം എ ബേബി പറഞ്ഞു.