മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം കർശന ഉപാധികളോടെ. അന്വേഷണവുമായി സഹകരിക്കണമെന്നാണ് ജാമ്യ ഉത്തരവ്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ രാഹുലിന് ജാമ്യം അനുവദിച്ചത്.
കേസിൽ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഉന്നയിച്ചിരുന്നത്.
രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്ന് കോടതി പറഞ്ഞു. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്‍റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ല എന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി എന്ന പ്രതിഭാഗത്തിന്‍റെ വാദവും കോടതി പരിഗണിച്ചു.