മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നുവെന്ന് വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗമെന്നും വിമർശനം ഉന്നയിച്ചു. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നുവെന്നും അതിൽ മുളക് തേക്കുന്നുവെന്നും രമേശ് സെഹ്‌ന്നിത്തല ആരോപിച്ചു. എൻഎസ്എസ്-എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവിനെ അവർ എതിർക്കുന്നത് അവരോട് ചോദിക്കണമെന്നും പറഞ്ഞു. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോയിട്ടുള്ളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമത്തെ ജനം തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. പ്രസ്താവന വളച്ചൊടിച്ചെന്ന് ആരോപിച്ച മന്ത്രി അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും പറഞ്ഞു. താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും തന്റെ പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. ലീഗ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ടുകൾ കൊണ്ടാണോ എന്ന ചോദ്യത്തിനായിരുന്നു സജി ചെറിയാൻ ക്ഷുഭിതനായാണ് പ്രതികരിച്ചത്.