വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. അൻസിബയുടെ പരാതിയിൽ 24 നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി നിർദേശം നൽകി. തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയതിന് ടിനി ടോമിനെതിരെ കേസെടുക്കണമെന്നായിരുന്നു അൻസിബയുടെ ഹർജിയിലെ ആവശ്യം. പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലാണ് അൻസിബ എറണാകുളം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു എന്നുൾപ്പെടെയുള്ള പരാമർശങ്ങൾ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്.
അൻസിബയുടെ പരാതി അടിസ്ഥാനരഹിതമെന്ന് ടിനി ടോമിന്റെ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ല. ഒരു സ്റ്റേജ് ഷോയ്ക്കിടയിൽ നീനാ കുറുപ്പുമായി തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് അൻസിബ പരാതി ഉന്നയിച്ചതെന്ന് ടിനി ടോം പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം പൊലീസ് ഇരുവരുടെയും മൊഴി എടുത്തിരുന്നു.