തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. തൊഴിലുറപ്പ് പദ്ധതിയുടെ സത്ത ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ ആർഎസ്എസിന്റെ അജണ്ടയാണ് പേര് മാറ്റത്തിന് പിന്നിലെന്നും ആരോപിച്ചു. അതേസമയം ശശി തരൂർ എംപിക്കെതിരെയും എൻ കെ പ്രേമചന്ദ്രൻ വിമർശനം ഉന്നയിച്ചു. ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിലൂടെ തൊഴിലവകാശത്തെ കേന്ദ്രാവിഷ്കൃത പദ്ധതിയാക്കി മാറ്റുകയാണ് എന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന നിയമനിർമ്മാണമാണെന്നും കുറ്റപ്പെടുത്തി. രാജ്യന്തര ശ്രദ്ധ ആകർഷിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ബിജെപി അധികാരത്തിൽ എത്തിയത് മുതൽ പദ്ധതിയെ നശിപ്പിക്കാൻ ശ്രമമുണ്ടായി. 2005 ലെ പദ്ധതി 100 ദിവസത്തെ തൊഴിലാവകാശങ്ങൾ ഉറപ്പു നൽകുന്ന പദ്ധതിയായിരുന്നു. 125 ദിവസമായി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുമ്പോൾ, 40% സംസ്ഥാനങ്ങൾ വഹിക്കണമെന്ന് പറയുമ്പോൾ എന്തു തൊഴിൽ ഉറപ്പാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ ചോദിച്ചു.
വിബി ജി റാം ജി എന്നാണ് പേര് നൽകാൻ പോകുന്നത്. ഹിന്ദിയും സംസ്കൃതവും ഇംഗ്ലീഷും ചേർത്ത് സങ്കലിത പേരാണ് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ ആർഎസ്എസിന്റെ അജണ്ട. ബിഹാർ വിജയത്തിന്റെ പശ്ചാത്തലത്തിൽ എന്തും ഇനി രാജ്യത്തു നടപ്പാക്കാം എന്ന മനോഭാവത്തിലാണ് പുതിയനിയമമെന്നും ഫെഡറൽ ജനാധിപത്യ സ്വഭാവം ഇല്ലാത്ത ബില്ലാണിതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ബില്ല് പൂർണ്ണമായും ഫെഡറൽ ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെയാണ്. ബില്ലിനെ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
ബില്ല് ജെപിസിക്കോ, സ്റ്റാൻഡിങ് കമ്മറ്റിക്കോ വിട്ടത് കൊണ്ട് കാര്യം ഇല്ല. മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ കാരണമെന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. പാർലമെന്റ് പാസാക്കുന്ന നിയമത്തിൽ ദൈവങ്ങളുടെ നാമകരണം കൊണ്ടുവന്ന് എന്തുകൊണ്ട് മത വൽക്കരിക്കണം. ഏറ്റവും വിവാദമായ നാമകരണം ആണ് ഈ പേരെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം ശശി തരൂർ അല്ല ആര് പറഞ്ഞാലും ന്യായീകരണം ഇല്ല എന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണ്. പാർട്ടിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.