'യൂണിവേഴ്‌സിറ്റികളില്‍ വി.സിമാരായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണം'; താക്കീതുമായി ഹൈക്കോടതി

യൂണിവേഴ്‌സിറ്റികളില്‍ വൈസ് ചാന്‍സിലര്‍മാരായി തുടരണമെങ്കില്‍ ചാന്‍സിലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ എല്ലാം ഹര്‍ജികള്‍ ഒന്നായാണ് കോടതി പരിഗണിക്കുന്നത്. വിസിമാരുടെ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ചെളിവാരിയെറിയരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനിടെയാണ് ചാന്‍സിലറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ എങ്ങനെ വിസിമാര്‍ക്ക് ആസ്ഥാനത്ത് തുടരാനാകുമെന്ന് ഹൈക്കോടതി ചോദിച്ചത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ്ചാന്‍സലര്‍മാരും ഗവര്‍ണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യവും വിശദീകരിച്ചു.
വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്.

അതേസമയം, സാങ്കേതിക സര്‍വകലാശാല വി.സി നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്യാന്‍ തയാറായില്ല. ഇടക്കാല ഇത്തരവ് വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഹര്‍ജിയില്‍ യുജിസിയെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വി.സിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

സര്‍വകലാശാല നിയമത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ വി.സിയെ നിയമിച്ചതെന്നും നിയമനം റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വി.സിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി വിളിച്ചുവരുത്തണമെന്നും ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കും വരെ മറ്റൊരു വി.സിക്ക് താല്‍ക്കാലിക ചുമതല നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സാങ്കേതിക സര്‍വകലാശാല വി.സിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഡോ. സിസ തോമസിന് വി.സിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാന്‍സലര്‍ കൂടിയായ
ഗവര്‍ണര്‍ കെടിയു വി.സിയുടെ ചുമതല നല്‍കിയത്.

വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ എം.എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ