കേരള തീരത്തോട് ചേര്‍ന്നുണ്ടായ കപ്പല്‍ അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ചരക്ക് വിവരങ്ങള്‍ പുറത്തുവന്നു. ലൈബീരിയന്‍ ചരക്കുകപ്പലില്‍ 643 കണ്ടെയ്‌നറുകളുണ്ടായിരുന്നെങ്കിലും 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്. 13 കണ്ടെയ്നറുകളില്‍ കാത്സ്യം കാര്‍ബൈഡും 60 കണ്ടെയ്നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളുമായിരുന്നു.
കാല്‍സ്യം കാര്‍ബൈഡ് വെളവുമായി ചേര്‍ന്ന് അസറ്റലിന്‍ ഉത്പാദിപ്പിക്കും, ഇതിന് തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. മനുഷ്യ ശരീരത്തിനും ഹാനികരമാണ്. ക്യാഷ് എന്നെഴുതിയ നാല് കണ്ടയ്നറുകളില്‍ കശുവണ്ടിയായിരുന്നു. 46 കണ്ടെയ്നറുകളില്‍ തേങ്ങയും കശുവണ്ടിയുമായിരുന്നു. 39 കണ്ടെയ്നറുകളില്‍ തുണി നിര്‍മാണത്തിനുള്ള പഞ്ഞിയായിരുന്നു. 87 കണ്ടെയ്‌നറുകളില്‍ തടികളായിരുന്നു.
കപ്പല്‍ അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സമുദ്ര – തീരദേശ ആവാസ വ്യവസ്ഥയെ കപ്പല്‍ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. അപകടത്തെ തുടര്‍ന്നുള്ള മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കായി നഷ്ടപരിഹാര – പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ഹര്‍ജിയിലുണ്ട്.