നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തി ബിജെപിയുടെ കോര്‍കമ്മിറ്റി. അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ ലഭിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. ബിജെപിയുടെ കണക്കുകൂട്ടലില്‍ തൃശ്ശൂര്‍, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളില്‍ അട്ടിമറി വിജയത്തിനുള്ള സാധ്യതയുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാന്‍ ബൂത്ത് തല കണക്കുകള്‍ നേരിട്ട് വിലയിരുത്താനും കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെട്ട സമിതി ജില്ലകളിലെത്തി കണക്കുകള്‍ ശേഖരിക്കും. പ്രധാന നേതാക്കള്‍ ജില്ലകളിലേക്ക് എത്തും. ഈ മാസം മുപ്പതിനകം പരിശോധന പൂര്‍ത്തിയാക്കും. ഒരുകോര്‍കമ്മിറ്റിയംഗവും രണ്ട് സംസ്ഥാന ഭാരവാഹികളും ഉള്‍പ്പെട്ട സമിതിയാണ് ജില്ലകളിലെത്തുക. അഞ്ച് സീറ്റിന് മുകളില്‍ ജയിക്കുമെന്ന പ്രതീക്ഷയാണ് കോര്‍കമ്മിറ്റിക്കുള്ളത്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായെന്നും വോട്ടുവിഹിതം കാര്യമായി ഉയരുമെന്നും പാര്‍ട്ടി നേരത്തേ വിലയിരുത്തിയിരുന്നു.
ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. ശോഭാ സുരേന്ദ്രന്റേതായി പുറത്തുവന്ന ഒരു ഓഡിയോ ക്ലിപ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അത് തനിക്ക് പൊതുസമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും നാണക്കേടുണ്ടാക്കി എന്നും അദ്ദേഹം ആരോപിച്ചിരുന്നു. പാലക്കാട്ടെ പണവിവാദത്തിനപ്പുറവും ശോഭാ സുരേന്ദ്രന് വിജയസാധ്യതയാണ് പാര്‍ട്ടി കാണുന്നത്.
ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമര്‍ശിച്ചതിന് ഷോണ്‍ ജോര്‍ജിനെതിരെ കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, താന്‍ സഭയെയോ സഭാ നേതൃത്വത്തെയോ അല്ല, മറിച്ച് കോണ്‍ഗ്രസ് അനുകൂല നിലപാടെടുത്ത ദീപിക പത്രത്തെയാണ് വിമര്‍ശിച്ചതെന്ന് ഷോണ്‍ വിശദീകരിച്ചു. സഭാ നേതൃത്വത്തിനെതിരായി തത്കാലം പരസ്യ വിമര്‍ശനങ്ങള്‍ വേണ്ടെന്ന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തു.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടു. പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 79.63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് കമ്മിഷന്റെ കണക്ക്. വോട്ടെടുപ്പ് കഴിഞ്ഞ് നാലാം ദിവസമാണ് ഔദ്യോഗിക കണക്കുകള്‍ പൂര്‍ണ്ണരൂപത്തില്‍ പുറത്തുവിടുന്നത്. ഒന്‍പതിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 10ന് ലഭിച്ച വിവരങ്ങളാണ് ഇപ്പോള്‍ ക്രോഡീകരിച്ച് പുറത്തുവിട്ടത്.