വളർത്തു മൃഗങ്ങൾക്കു നേരെ വൈകൃതാതിക്രമങ്ങൾ നടത്തിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. കല്ലമ്പലത്ത് പുല്ലൂർമുക്കിലും സമീപ മേഖലകളിലും ആണ് വൈകൃതാതിക്രമങ്ങൾ അരങ്ങേറിയത്. ഇവിടങ്ങളിൽ വളർത്തുമൃഗങ്ങളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നു.
വർക്കല കോവൂർ ചേട്ടക്കാവ് പുത്തൻവീട്ടിൽ ശങ്കരൻ എന്ന് വിളിക്കപ്പെടുന്ന അജിത്ത് ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. പുല്ലൂർമുക്ക് മുനീർ മൻസിലിൽ അബ്ദുൽ കരീം നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. വളർത്തുമൃഗങ്ങളെ ചത്തനിലയിൽ കണ്ടെത്തിയപ്പോൾ ആദ്യം തെരുവുനായ്ക്കളുടെ ആക്രമണം എന്നാണ് കരുതിയിരുന്നത്. എന്നാൽ സിസിടിവി പരിശോധിച്ചപ്പോൾ അജ്ഞാത വ്യക്തി നഗ്നനായി തൊഴുത്തിലേക്ക് നടക്കുന്നത് കണ്ടെത്തി.
ഇതിനെ തുടർന്ന് ക്ഷീരകർഷകർ കല്ലമ്പലം പൊലീസിൽ പരാതി. എന്നാൽ എല്ലാ ദൃശ്യവും ക്യമാറയിൽ കിട്ടിയിരുന്നില്ല. കൂടുതൽ ക്യമാറ സ്ഥാപിച്ചു. ഇതിൽ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. ഇതിനിടെ ഒക്ടോബർ 25ന് നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെ കാണാതായി. രണ്ടു ദിവസം കഴിഞ്ഞ് തൊട്ടടുത്ത സ്ഥലത്ത് ചത്തനിലയിൽ കാണപ്പെട്ടു.
വിവരം കല്ലമ്പലം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി ആട്ടിൻകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിലും പരിശോധനയിലും അതിക്രമങ്ങൾ സ്ഥിരീകരിച്ചിരുന്നു. മൃഗങ്ങളുടെ അവയവങ്ങൾ അറുത്തുമാറ്റിയ നിലയിലും ആയിരുന്നു. കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തിൽ അജിത്താണ് പ്രതി എന്ന് കണ്ടെത്തി.
എന്നാൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയ സുഹൃത്തുക്കളെ നേരേത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വർക്കല എഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിരവധി മോഷണക്കേസുകളിലും അജിത്ത് പ്രതിയാണ്.