ജന്‍ സുല്‍വായ് ജനസമ്പര്‍ക്ക പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയ ‘Z കാറ്റഗറി’ സുരക്ഷ പിൻവലിച്ച് കേന്ദ്രം. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇക്കഴിഞ്ഞ ദിവസമായിരുന്നു രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് രാജ്കോട്ട് സ്വദേശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. മുഖ്യമന്ത്രിയുടെ വസതിയിൽ ആഴ്ചതോറും നടക്കാറുള്ള ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയാണ് ഇയാൾ എത്തിയിരുന്നത്.
മുഖ്യമന്ത്രി പരാതി കേൾക്കുന്നതിനിടെ, ഇയാൾ മുന്നോട്ടുവന്ന് പേപ്പർ നൽകുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖത്തടിച്ചതും മുടിയിൽ വലിച്ചതും. ആക്രമണത്തിൽ തലക്ക് നേരിയ പരിക്കേറ്റ രേഖ ഗുപ്തയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ആക്രമിയെ കീഴ്പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറിയിരുന്നു.