നിയമസഭയിൽ പാരടിപ്പോര്. ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടാണ് നിയമസഭയില്‍ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും അരങ്ങേറുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകള്‍ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ‘സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ’ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പ്രതിരോധിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം സോണിയാ ഗാന്ധി നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിരോധം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു. സോണിയാ ഗാന്ധിയെ സ്വര്‍ണം കട്ടവര്‍ രണ്ട് തവണ കാണാന്‍ പോയതെന്തിനാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.
അതേസമയം കേരളത്തിലെ സാധാരണക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സോണിയ ഗാന്ധിയുടെ വസതിക്കുള്ളിലേക്ക് പ്രവേശനമുണ്ടോ എന്ന് മറുപടി പറയണമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയെ സോണിയാ ഗാന്ധിയെ കേറ്റിയതാരെന്നും മന്ത്രി വീണാ ജോര്‍ജ് ചോദിച്ചു. മറുപടിയില്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.