ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്. സഹതടവുകാരിയെ മർദിച്ചതിനെ തുടർന്നാണ് കേസ്. കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹതടവുകാരിയായ വിദേശ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്.
ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം വിവാദം സൃഷ്ടിച്ചിരുന്നു.
25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശ സമിതികളുടെ ശുപാർശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കണ്ണൂർ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാർശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. ഈ തീരുമാനം പിൻവലിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.