ഓഖി, നോട്ട് നിരോധനം, ജിഎസ്ടി: ടൂറിസ്റ്റുകളുടെ വരവില്‍ കുറവ്

ഓഖി ദുരന്തവും ജിഎസ്ടിയും ഉത്തരേന്ത്യയില്‍ നോട്ടു റദ്ദാക്കല്‍ മൂലം കള്ളപ്പണത്തിന്റെ അഭാവവും കേരള ടൂറിസത്തെ പിന്നോട്ടടിക്കുന്നു. ഇക്കുറി സീസണില്‍ ടൂറിസ്റ്റുകളുടെ വരവില്‍ 30% കുറവാണു രേഖപ്പെടുത്തുന്നത്. കോവളവും വര്‍ക്കലയും പോലുള്ള ബീച്ചുകളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. ഓഖിയുടെ വാര്‍ത്തകള്‍ ലോകമാകെ എത്തിയതിന്റെ പരിണത ഫലമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ജിഎസ്ടി നിരക്ക് 7500 രൂപയില്‍ കൂടുതലുള്ള മുറികള്‍ക്ക് ഇപ്പോഴും 28 ശതമാനത്തില്‍ നില്‍ക്കുന്നതു ടൂറിസ്റ്റുകളെ അകറ്റുകയാണ്. 10,000 രൂപയുടെ മുറിക്ക് 2800 രൂപ നികുതി എന്നതു ടൂറിസം പാക്കേജുകളെ അനാകര്‍ഷകമാക്കുന്നു.

എന്നാല്‍ മദ്യനിരോധനത്തില്‍ നിന്നു മുക്തമായതിനാല്‍ മൈസ് (മീറ്റിങ്ങുകളും സമ്മേളനങ്ങളും മറ്റും) രംഗം ഉണര്‍ന്നുവരുന്നുമുണ്ട്. മുംബൈ, ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്നു വന്‍ ഗ്രൂപ്പുകള്‍ കേരളത്തിലേക്കു തിരികെ എത്തിത്തുടങ്ങി. അതേസമയം, ആഡംബര വിവാഹങ്ങള്‍ മദ്യനിരോധനത്തോടെ കേരളം വിട്ടതു തിരികെ എത്തിയിട്ടുമില്ല. വിവാഹങ്ങള്‍ നേരത്തേ തീരുമാനിച്ചു ബുക്ക് ചെയ്യപ്പെടുന്നതിനാല്‍ ഈ സീസണില്‍ ഇല്ലാതെ പോയതാണ്. മദ്യനിരോധനം നീക്കി എന്ന വസ്തുതയ്ക്കു കേരള ടൂറിസം പ്രചാരണം നല്‍കണം എന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്.

ആയുര്‍വേദ ടൂറിസത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെ ഈ മാന്ദ്യം ബാധിച്ചിട്ടില്ല. നേരത്തേ തന്നെ ചികില്‍സാ പാക്കേജുകള്‍ ബുക്ക് ചെയ്യപ്പെട്ടതിനാല്‍ വിദേശ ടൂറിസ്റ്റുകളുടെ വരവിനു കുറവില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പോലും ഡിസംബര്‍ അവസാനം മുറി ലഭ്യമാണെന്ന സ്ഥിതിയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നേരത്തേ തന്നെ സോള്‍ഡ് ഔട്ട് എന്ന സ്ഥിതി ഉണ്ടായിരുന്ന സ്ഥലങ്ങളിലാണിത്.

വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ മാത്രമല്ല, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിലും കുറവുണ്ട്. ഗുജറാത്ത്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ലക്ഷങ്ങളുടെ ടൂര്‍ പാക്കേജ് ബുക്ക് ചെയ്തുവരികയായിരുന്നു പതിവ്. തുക മിക്കവാറും പണമായിട്ടാണു നല്‍കുക. പക്ഷേ, നോട്ട് റദ്ദാക്കല്‍ വന്നതോടെ അങ്ങനെ ലക്ഷങ്ങള്‍ കണക്കില്ലാതെ ചെലവഴിക്കാന്‍ പറ്റാതായി. അരലക്ഷത്തില്‍ കൂടിയ പണമിടപാടുകള്‍ക്കു രേഖ വേണം. ടൂറിസത്തിന് ഇതും തിരിച്ചടിയായി.

സഞ്ചാരികളുടെ എണ്ണത്തിലെ കുറവ് റസ്റ്ററന്റുകളെയും ടാക്‌സികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കോവളം, വര്‍ക്കല, ഫോര്‍ട്ട്‌കൊച്ചി പോലുള്ള സ്ഥലങ്ങളിലെ റസ്റ്ററന്റുകളില്‍ തിരക്കില്ല. ടാക്‌സികള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും സീസണില്‍ സാധാരണയുള്ള ഓട്ടമില്ല. എന്നാല്‍ മലയാളി എന്‍ആര്‍ഐകളുടെ ക്രിസ്മസ് കാലത്തെ നാട്ടിലേക്കുള്ള വരവുമൂലം വഞ്ചി വീടുകളുടെ ബുക്കിങ്ങില്‍ കുറവില്ല. ക്രിസ്മസ് ന്യൂഇയര്‍ കാലത്ത് ഒന്നുപോലും ഒഴിവില്ല.

വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം പ്രചാരണം

തിരുവനന്തപുരംന്മ വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ മൂന്നു മാസത്തെ രാജ്യാന്തര പ്രചാരണ പരിപാടിയുമായി ടൂറിസം വകുപ്പ്. നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, യുഎസ്, ഇറ്റലി, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ടൂറിസം മേളകളിലെ സാന്നിധ്യത്തിനു പുറമെ ട്രാവല്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തി റോഡ്‌ഷോകളും നടത്തും.

കായല്‍ ബീച്ച് ടൂറിസം കേന്ദ്രമെന്ന നിലയില്‍നിന്ന് സാഹസിക വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ കേരളത്തിന്റെ സാധ്യതകള്‍ വിദേശികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാണു ശ്രമമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ 12 ടൂറിസം മേളകളില്‍ പങ്കെടുക്കുന്നതിനൊപ്പം 24 റോഡ് ഷോകളും നടത്തും. 11.5 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍