ചാറ്റ്ജിപിടി കാരണം താന്‍ പരീക്ഷകളില്‍ പരാജയപ്പെട്ടുവെന്ന് മോഡലും നടിയുമായ കിം കര്‍ദാഷിയാന്‍. നിയമ പഠനകാലത്ത് ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നുവെന്നും പക്ഷേ ചാറ്റ് ജിപിടി തെറ്റായ വിവരങ്ങളാണ് നല്‍കിയത് എന്നുമാണ് കിം കര്‍ദാഷിയാന്‍ പറയുന്നത്. അഭിഭാഷക ആകാനായി 2019 മുതല്‍ നിയമ പഠനത്തിലാണ് കിം.
2021ല്‍ ബേബി ബാര്‍ പരീക്ഷ പാസായ നടി ഈ വര്‍ഷം മെയ് മാസത്തില്‍ നിയമ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ജൂലൈയില്‍ അവസാന ബാര്‍ പരീക്ഷയും എഴുതി. ഇപ്പോള്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താരം. ”ചാറ്റ്ജിപിടിയുടെ ഉത്തരങ്ങള്‍ പലപ്പോഴും തെറ്റാണ്. അത് എന്നെ പരീക്ഷകളില്‍ തോല്‍പ്പിച്ചു കളഞ്ഞു. ഞാന്‍ അതിനോട് ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്യും.”
”നീ കാരണമാണ് ഞാന്‍ തോറ്റത്!’ എന്ന് ഞാന്‍ ചാറ്റ്ജിപിടിയോട് പറയും, ‘എന്തിനാണ് നീ ഇത് ചെയ്തതെന്നും ഞാന്‍ അതിനോട് ചോദിക്കും?” എന്നാണ് കിം ഗായികയായ ടെയാന ടെയ്‌ലറുമായുള്ള സംഭാഷണത്തില്‍ പറയുന്നത്. ചാറ്റ്‌ബോട്ടിനോട് അതിന്റെ തെറ്റായ ഉത്തരങ്ങളെ കുറിച്ച് താന്‍ പ്രതികരിച്ചപ്പോള്‍, അത് അപ്രതീക്ഷിതമായി മറുപടി നല്‍കിയതായും കിം പറഞ്ഞു.
”നിങ്ങളുടെ സഹജവാസനകള്‍ വിശ്വസിക്കാന്‍ പഠിപ്പിക്കാന്‍ വേണ്ടിയാണിത്” എന്നായിരുന്നു ചാറ്റ്ജിപിടിയുടെ ഉത്തരം. ചാറ്റ്ജിപിടിയുടെ അപ്രതീക്ഷിത മറുപടികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് താന്‍ സുഹൃത്തുക്കളുടെ ഗ്രൂപ്പ് ചാറ്റുകളില്‍ പങ്കുവയ്ക്കാറുണ്ട്. ”ഇത് എന്നോട് സംസാരിക്കുന്നത് കണ്ടോ? ഇതിന് ഭ്രാന്താണ് എന്ന് ഞാന്‍ എന്റെ കൂട്ടുകാരോട് പറയും” എന്നും കിം കദാര്‍ഷിയന്‍ പറഞ്ഞു.