തിയേറ്ററിൽ ഹിറ്റ്, ഒടിടിയിൽ എത്തിയപ്പോൾ എയറിൽ; 'വാഴ'യ്ക്ക് സംഭവിച്ചതെന്ത്?

താരങ്ങളുടെ തിളക്കമൊന്നും ഇല്ലാതെ തിയേറ്ററിൽ ഹിറ്റായ ‘വാഴ’ ഒടിടിയിൽ എത്തിയത് മുതൽ എയറിലാണ്. സിനിമയ്‌ക്കെതിരെയും അഭിനേതാക്കൾക്കെതിരെയും കടുത്ത വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വാഴ സ്ട്രീമിങ് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച സിനിമയിലെ പല രംഗങ്ങൾക്കും നേരെ ട്രോളുകൾ ഉയർന്നത്.

സിനിമയിൽ അമിത് മോഹൻ, കോട്ടയം നസീർ എന്നിവർ അഭിനയിച്ച ഒരു രംഗത്തിനു നേരെയാണ് വലിയ രീതിയിൽ ട്രോളുകൾ വന്നത്. കോട്ടയം നസീറിന്റെ മകനായ വിഷ്ണു എന്ന കഥാപാത്രത്തെയാണ് അമിത് മോഹൻ അവതരിപ്പിച്ചത്.

അഭിനയിക്കാനറിയില്ല, ഓവർ ആക്ടിങ്, ഈ രംഗം പടത്തിൽ ഒട്ടും വർക്കാവാത്ത ഒരു സീൻ ആണെന്നുമൊക്കെയുള്ള അഭിപ്രായമാണ് പലരും പറയുന്നത്. എന്നാൽ ‘ആ അവസ്ഥയിൽ കൂടി പോയ ആരും ആ സീൻ ട്രോളില്ല’ എന്നും ഈ രംഗം തങ്ങൾക്ക് കണക്ടായെന്ന കമന്റുകളും എത്തുന്നുണ്ട്. ഒരു ഭാഗത്ത് വിമർശനങ്ങൾ ഉയരുമ്പോൾ മറുവശത്ത് നടനെ പിന്തുണച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.

തനിക്കെതിരെ ഉയർന്ന ട്രോളുകളോടും വിമർശനങ്ങളോടും പ്രതികരിച്ച് നടൻ അമിത് മോഹൻ സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രതികരണവും അറിയിച്ചിട്ടുണ്ട്. ‘ഓൺ എയർ’, ‘ടൺ കണക്കിന് എയർ’, ഞാൻ എല്ലാ അഭിപ്രായങ്ങളും മാനിക്കുന്നു’ എന്നീ വാചകങ്ങളോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. സിനിമയിലെ വിമർശനം നേടിയ രംഗത്തിന്റെ ട്രോളും ഫോട്ടോയ്‌ക്കൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.

‘സുഹൃത്തേ ഒടിടിയിൽ നന്നായി അഭിനയിക്കണ്ടേ…’ എന്നാണ് നടൻ സിജു സണ്ണി ഈ പോസ്റ്റിന് കമന്റ് ഇട്ടത്. നടി അഹാന കൃഷ്ണ, സംവിധായകൻ വിപിൻ ദാസ് തുടങ്ങിയവരും അമിത്തിനെ പിന്തുണച്ച് കമൻ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ വിപിൻദാസ് ‘ഉയരത്തിൽ പറക്കുക’ എന്നാണ് കമന്റ് ചെയ്തത്.

വാഴ സിനിമയിൽ അഭിനയിച്ച പുതുമുഖ താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ചു നടൻ ജിബിൻ ഗോപിനാഥ് കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളർത്തുന്ന ചില ആളുകളുണ്ട്, പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തു കൂടെ എന്നാണ് ജിബിൻ കുറിപ്പിൽ പറയുന്നത്.

അതേസമയം, ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രം സെപ്റ്റംബർ 23ന് ആണ് ഒടിടിയിൽ എത്തിയത്. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച വാഴ സിനിമയ്ക്ക് സംവിധായകൻ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കിയത്. നാല് കോടി ബജറ്റിൽ ഒരുക്കിയ വാഴ 40 കോടി രൂപയാണ് തിയേറ്ററിൽ നിന്നും നേടിയ കളക്ഷൻ.

ചിത്രം വലിയ വിജയമായതോടെ ‘വാഴ 2’ എന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തിൽ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു.

വിപിൻദാസ് നിർമ്മാണത്തിലും പങ്കാളിയാവുന്ന ചിത്രം ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളുടെ പിന്തുണയോടെയാണ് പുറത്തിറങ്ങുക. ഹാഷിറും കൂട്ടുകാരേയും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി