പോക്സോ കേസ് പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററെ പുതിയ സിനിമയിൽ ഉൾപ്പെടുത്തിയതിൽ സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയ്ക്കും നേരെ രൂക്ഷവിമർശനം. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമായ ലവ് ഇൻഷൂറൻസ് കമ്പനിയിൽ ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ്. വിഘ്നേഷിനൊപ്പമുളള ഒരു ലൊക്കേഷൻ ചിത്രം ജാനി മാസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനങ്ങൾക്ക് തുടക്കമായത്. 2024 സെപ്റ്റംബറിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ ജാനി മാസ്റ്റർ അറസ്റ്റിലായിരുന്നു.
ഇതിന് പിന്നാലെ ജാനി മാസ്റ്ററുടെ പേരിൽ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരവും റദ്ദാക്കി. വിഘ്നേഷിനൊപ്പമുളള ചിത്രം പങ്കുവച്ച് എന്നോടുളള കരുതലിനും എനിക്ക് നൽകിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി എന്നാണ് ജാനി മാസ്റ്റർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പോസ്റ്റിന് താഴെ സ്വീറ്റ് മാസ്റ്റർ ജി എന്ന് വിഘ്നേഷും കമന്റിട്ടു. എന്നാൽ തൊട്ടുപിന്നാലെ വിഘ്നേഷിനെയും നയൻതാരയേയും വിമർശിച്ചുകൊണ്ടുളള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയായിരുന്നു. ഇവർക്കെതിരെ ഗായിക ചിന്മയി അടക്കമുളളവരാണ് രംഗത്തെത്തിയത്.
“പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജാനി ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്നു. ഒരു ജനത എന്ന നിലയിൽ നമ്മൾ ‘കഴിവുള്ള’ കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു, അവരെ പ്രോത്സാഹിപ്പിക്കുകയും അധികാര സ്ഥാനങ്ങളിൽ നിലനിർത്തുകയും ചെയ്യും, കുറ്റവാളികൾ സ്ത്രീകളെ കൂടുതൽ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നു – ‘എനിക്ക് ഒന്നും സംഭവിക്കരുത്.’ നമ്മൾ അങ്ങനെയാണ്’, ചിന്മയി പറഞ്ഞു.