വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിന് പിന്നാലെ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. സിൽവർ കാസ്‌റ്റ് ക്രിയേഷൻസിന്റെ ചിത്രത്തിൽ ഉണ്ണിമുകുന്ദനാണ് നായകൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയിൽ നരേന്ദ്ര മോദിയായാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്.
മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിൻ്റെ ബാനറിൽ വീർ റെഡ്‌ഡി എം. ആണ്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്‌റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലിഷിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ ഛായാഗ്രഹണം കെ. കെ. സെന്തിൽ കുമാർ ഐഎസ്‌സി നിർവഹിക്കും, സംഗീതം രവി ബസൂർ, എഡിറ്റിങ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ, ആക്‌ഷൻ കിങ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്‌സ് ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ നരസിംഹ റാവു എം., മാർക്കറ്റിങ് വാൾസ് ആൻഡ് ട്രെൻഡ്‌സ്, പിആർഒ ശബരി എന്നിവരാണ്.
ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്‌ഥാനമാക്കിയുള്ള ഈ ചിത്രം മോദിയുടെ ബാല്യകാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിൻ്റെ ഉറവിടമായി നിലകൊണ്ട്, അദ്ദേഹത്തിന്റെ അമ്മയായ ഹീരാബെൻ മോദിയുമായുള്ള ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. രാജ്യാന്തര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നതെന്ന് നിർമാതാക്കളായ സിൽവർ കാസ്‌റ്റ് ക്രിയേഷൻസ് അറിയിച്ചു.