തുടരും സിനിമ ഹിറ്റായ സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞ സംവിധായകനായിരുന്നു തരുൺ മൂർത്തി. മോഹൻലാലിനെ നായകനാക്കിയുളള ചിത്രത്തിന്റെ വിജയം സംവിധായകന്റെ കരിയറിൽ വലിയ വഴിത്തിരിവായി. തുടരുമിന് പുറമെ ഓപ്പറേഷൻ ജാവ, സൗദി വെളളക്ക എന്നീ മികച്ച സിനിമകളും തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി. ഇപ്പോൾ സംവിധായകന്റെ പഴയൊരു മിമിക്രി വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
വീഡിയോയിൽ നടൻ അജു വർഗീസിന്റെ ശബ്ദമാണ് തരുൺ അനുകരിക്കുന്നത്. ഒൻപതുവർഷം മുമ്പുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ വീഡിയോ ഏത് പരിപാടിയിൽ നിന്നുള്ളതാണെന്ന് വ്യക്തമല്ല. വെള്ളിമൂങ്ങയിലെയും തട്ടത്തിൻ മറയത്തിലെയും അജു വർഗീസിന്റെ ഡയലോഗുകളാണ് തരുൺ അനുകരിക്കുന്നത്. സംവിധായകന്റെ തന്നെ പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഇതിന്റെ ഭാഗങ്ങൾ ഇപ്പോൾ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും വ്യാപമായി പ്രചരിക്കുന്നുണ്ട്. വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് തരുൺ മൂർത്തിയെ പ്രശംസിച്ച് കമന്റിടുന്നത്. ‘തരുണിന് അപ്പോ മിമിക്രിയും വശമുണ്ടായിരുന്നല്ലേ’, എന്നാണ് വീഡിയോയ്ക്ക് ഒരാൾ കമന്റിട്ടിരിക്കുന്നത്. ‘അജുവിന്റെ സൗണ്ട് പക്കാ കിടുവെന്ന്’ മറ്റൊരാളും അഭിപ്രായപ്പെട്ടു.