രണ്ട് ഇൻഡസ്ട്രികളിലായി സൂപ്പർതാരങ്ങളെ വച്ച് ബ്ലോക്ക്ബസ്റ്റർ അടിച്ച സംവിധായകരാണ് ലോകേഷ് കനകരാജും തരുൺ മൂർത്തിയും. ഇരുവരും ഒരുമിച്ചുളള ഒരു ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തരുൺ മൂർത്തിയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലോകേഷിനൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ചുളള ഫോട്ടോ പുറത്തുവന്നതോടെ പല തരത്തിലുളള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
കാഴ്ചപ്പാടുകൾ ഒന്നിക്കുമ്പോൾ എന്ന കാപ്ഷനിലാണ് ലോകേഷ് കനകരാജിനൊപ്പമുളള ഫോട്ടോ തരുൺ മൂർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ എന്തോ വലുത് വരാൻ പോകുന്നുവെന്ന് മനസ് പറയുന്നു എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. തരുൺ- ലോകേഷ് കോമ്പോയിൽ ഒരു പടം വേണമെന്ന് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു. തുടരും സിനിമയിലെ മോഹൻലാലിൻെറ ഷൺമുഖം ജയിലിൽ നിന്നിറങ്ങി എൽസിയുവിൽ കയറാൻ ചാൻസുണ്ടോ എന്ന് ചോദിച്ചും കമന്റുകളുണ്ട്.
തരുൺ മൂർത്തിയുടെ പുതിയ ചിത്രം ടോർപ്പിഡോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ പെട്ടതാണോ എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്. ടോർപ്പിഡോയിൽ അർജുൻ ദാസും ഉളളതിനാലാണ് ആരാധകൻ ഇക്കാര്യം ചോദിച്ചത്.