സിനിമ ബോക്‌സ് ഓഫീസില്‍ ദുരന്തമായതോടെപ്രതിഫലത്തുക നിര്‍മ്മാതാവിന് തിരികെ നല്‍കി തെലുങ്ക് താരം സിദ്ധു ജൊന്നലഗദ്ദ. ടില്ലു, ടില്ലു സ്‌ക്വയര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് സിദ്ധു ജൊന്നലഗദ്ദ. 100 കോടി കളക്ഷന്‍ നേടിയ സിനിമകളിലെ നായകന്‍ ആയിട്ടും പുതിയ ചിത്രം ‘ജാക്ക്’ തിയേറ്ററില്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
മോശം പ്രതികരണം നേടിയ സിനിമ നിരവധി വിമര്‍ശനങ്ങള്‍ക്കും ഇരയായി. ഇതോടെയാണ് സിദ്ധു പ്രതിഫലത്തുക തിരിച്ച് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. ചിത്രത്തിനായി വാങ്ങിയ പ്രതിഫലത്തിന്റെ പകുതിയാണ് സിദ്ധു നിര്‍മ്മാതാവായ ബിവിഎസ്എന്‍ പ്രസാദിന് തിരിച്ചു നല്‍കിയത്. 4.75 കോടി നടന്‍ മടക്കി നല്‍കിയതായി നിര്‍മ്മാതാവിന്റെ ടീം എക്‌സിലൂടെ അറിയിച്ചു.
ആക്ഷന്‍ കോമഡി ഴോണറില്‍ എത്തിയ ജാക്ക് ഭാസ്‌കര്‍ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയുടെ കഥയും തിരക്കഥയും സംവിധാനവുമെല്ലാം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. സംവിധായകന്‍ ഭാസ്‌കര്‍ തന്നെയാണ് സിനിമയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്.
40 കോടിക്ക് മുകളില്‍ ബജറ്റില്‍ ഒരുക്കിയ സിനിമയ്ക്ക് 9 കോടിക്കടുത്ത് കളക്ഷന്‍ മാത്രമേ നേടാനായിട്ടുള്ളു. ഇതോടെയാണ് സിദ്ധു പ്രതിഫലത്തുക മടക്കി നല്‍കിയത്. വൈഷ്ണവി ചൈതന്യ, രാഹുല്‍ ദേവ്, പ്രകാശ് രാജ്, നരേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഏപ്രില്‍ 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിലും സിനിമയ്ക്ക് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്.