രൺബീർ കപൂറും യഷും പ്രധാന വേഷങ്ങളിൽ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് രാമായണ പാർട്ട് 1. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് ഇന്നാണ് പുറത്തിറങ്ങിയത്. ദൃശ്യവിസ്മയം തന്നെയാണ് പ്രേക്ഷകർക്കായി അണിയറക്കാർ ഒരുക്കുന്നതെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ വീഡിയോയിൽ നിന്നുളള സൂചന. രൺബീർ രാമനും യഷ് രാവണനുമായി എത്തുന്ന ചിത്രത്തിൽ സീതയായി സായി പല്ലവിയാണ് വേഷമിടുന്നത്. പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ ഇതിഹാസം എആർ റഹ്മാനും ചേർന്നാണ് സംഗീതമൊരുക്കുന്നത്.
നിലവിൽ ഇന്ത്യൻ സിനിമയിൽ എറ്റവും കൂടുതൽ മുടക്കുമുതലുളള ചിത്രമായി മാറിയിരിക്കുകയാണ് രാമായണ. 835 കോടി മുടക്കിയാണ് രണ്ട് ഭാഗങ്ങളിലായി എടുക്കുന്ന സിനിമ അണിയിച്ചൊരുക്കുന്നത്. രൺബീറിന്റെ തന്നെ ബ്രഹ്മാസ്ത്ര, പ്രഭാസിന്റെ കൽക്കി എന്നീ സിനിമകളെ പിന്നിലാക്കിയാണ് എറ്റവും ചെലവേറിയ ചിത്രമായി രാമായണ മാറിയിരിക്കുന്നത്. പ്രമുഖ നിർമാണ കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോയും നടൻ യഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം.
2026 ദീപാവലി സമയത്താണ് ആദ്യ ഭാഗം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടാം ഭാഗം 2027 ദീപാവലി സമയത്തും പുറത്തിറങ്ങും. ചിത്രത്തിൽ ലക്ഷ്മണനായി രവി ദുബെയും, ഹനുമാൻ ആയി സണ്ണി ഡിയോളുമാണ് വേഷമിടുന്നത്. മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസ് ആണ് ആക്ഷൻ കൊറിയോഗ്രഫി.