മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് ജയസൂര്യ നായകനായെത്തുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ.
‘നിങ്ങൾക്കറിയാവുന്ന കഥയല്ല, മറിച്ച് കാലം മാറ്റിയെഴുതിയ കഥ. പുതിയൊരു യുഗത്തിനായി പുനർജനിച്ച ഇതിഹാസം’ എന്ന അടികുറിപ്പോടെയാണ് ശ്രീ ഗോകുലം മൂവീസ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം എത്തുന്നത് എന്നതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. ‘കത്തനാർ – ദി വൈൽഡ് സോഴ്സററി’ൻ്റെ ഡബ്ബിങ് പൂർത്തിയായ വാർത്ത ജയസൂര്യ തന്നെ മുൻപ് അറിയിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.