മലയാളക്കരയെ ത്രില്ലടിപ്പിക്കാൻ വീണ്ടും ജോർജുകുട്ടിയും കുടുംബവും എത്തുന്നു. ജീത്തു ജോസഫ് സംവിധായകനായ മോഹൻലാൽ ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്.
ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3. ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
അതേസമയം ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിൻ്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാൾ ഉയർന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല. നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജീത്തു പറഞ്ഞു.