'കേരള സ്റ്റോറി' സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉത്പന്നം, വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുള്ള ശ്രമം, നിയമനടപടി സ്വീകരിക്കും: മുഖ്യമന്ത്രി

സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയെന്ന് മ്രുഖ്യമന്ത്രി പിണറായി വിജയനും. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. വ്യാജ ആരോപണത്തെ കഥാപരിസരമാക്കിയത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മുഖ്യമന്ത്രിയുടെ പ്രതികരണം:

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിര്‍മ്മിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന ‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാര്‍ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.

കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവല്‍ക്കരണത്തേയും കാണാന്‍. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഢി പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. എന്നിട്ടും സിനിമയില്‍ ഈ വ്യാജ ആരോപണത്തെ മുഖ്യ കഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്.

കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. മറ്റിടങ്ങളിലെ പരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ ഫലിക്കുന്നില്ല എന്നു കണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാന്‍ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിന്‍ബലത്തിലല്ല സംഘപരിവാര്‍ ഇത്തരം കെട്ടുകഥകള്‍ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറില്‍ കാണാന്‍ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് ഈ വ്യാജ കഥ.

നാട്ടില്‍ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാന്‍ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും നുണകള്‍ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസന്‍സല്ല. വര്‍ഗീയ – വിഭാഗീയ നീക്കങ്ങളെ മലയാളികള്‍ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യര്‍ത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തില്‍ അശാന്തി പരത്താനുള്ള വര്‍ഗീയ ശ്രമങ്ങള്‍ക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍