ഭ്രമയുഗം സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമ റിലീസ് ചെയ്യാന്‍ വെറും നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിനെതിരെ ഹര്‍ജി എത്തിയിരിക്കുന്നത്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുക എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കുഞ്ചമണ്‍ പോറ്റി തീം എന്ന പേരില്‍ ചിത്രത്തിലെ ഗാനവും പുറത്തുവിട്ടിരുന്നു. ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ്. സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലാണ് കുഞ്ചമണ്‍ പോറ്റിയെ കുറിച്ച് പറയുന്നത്. ആഭിചാരക്രിയ ചെയ്ത് ആദ്യമായി ചാത്തനെ നേരിട്ട് വരുത്തിയ ആളായാണ് കുഞ്ചമണ്‍ പോറ്റിയെ ഐതീഹ്യമാലയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുത്ത് കൊടുത്ത് ചാത്തനോട് അവധി പറയുന്ന പതിവും കുഞ്ചമന്‍ പോറ്റിക്കുണ്ട്. കടമറ്റത്ത് കത്തനാരുടെ അടുത്ത സുഹൃത്തായിരുന്ന കുഞ്ചമന്‍ പോറ്റി പിന്നീട് അദ്ദേഹവുമായി തെറ്റിയതായും പറയുന്നുണ്ട്.
എന്നാല്‍ ഭ്രമയുഗം സിനിമയില്‍ കുഞ്ചമണ്‍ പോറ്റിയെ ഉപയോഗിക്കുന്നത് തങ്ങളുടെ കുടുംബത്തിനെ അപകീര്‍ത്തിപ്പെടുത്താനാണ് എന്നാണ് കുഞ്ചമണ്‍ ഇല്ലക്കാരുടെ വാദം. തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ്. ഭ്രമയുഗത്തില്‍ ഐതീഹ്യമാലയില്‍ നിന്നും എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് സിനിമയില്‍ പറയാന്‍ പോകുന്നത്. ചിത്രത്തിലെ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രം ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് സമൂഹത്തിന്റെ മുന്നില്‍ ചീത്തപ്പേര് ഉണ്ടാക്കും. മാത്രമല്ല, മമ്മൂട്ടിയെ പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കും. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു സിനിമ കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിന് മുന്നില്‍ മാനം കെടുത്താനും വേണ്ടിയാണെന്ന് ഭയമുണ്ട്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണം എന്നാണ് കുഞ്ചമണ്‍ ഇല്ലക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
സിനിമ നിയമക്കരുക്കില്‍ പെട്ടതോടെ കുഞ്ചമന്‍ പോറ്റി തീം എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ മാറ്റിയിരിക്കുകയാണ്. ‘കുഞ്ചമന്‍ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമണ്‍ പോറ്റി തീം’ എന്ന പേരാണ് യൂട്യൂബില്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമന്‍ പോറ്റി തീം എന്ന വരികളിലെ കുഞ്ചമന്‍ മായ്ച്ച് കളഞ്ഞതായും കാണാം. ഇപ്പോള്‍ പോറ്റി തീം എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്. ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തിരുത്ത് അണിയറപ്രവര്‍ത്തകര്‍ യൂട്യൂബില്‍ വരുത്തിയിരിക്കുന്നത്.
അതേസമയം, ഇത് കുഞ്ചമണ്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ചമണ്‍ പോറ്റിയുടെ പേരില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഭ്രമയുഗം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമണ്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറര്‍ എലമെന്‍സ് ഉണ്ട്. പക്ഷേ ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്സ്പീരിയന്‍സ് വേറെ ആയിരിക്കും എന്നായിരുന്നു രാഹുല്‍ സദാശിവന്‍ പറഞ്ഞത്.
ഫെബ്രുവരി 15ന് ആണ് ഭ്രമയുഗം റിലീസിന് ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി, അമാല്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം ഒരുക്കിയത്.