‘അമ്മ’ സംഘടനയുടെ നേതൃമാറ്റത്തെ സ്വാഗതം ചെയ്ത് നടൻ ആസിഫ് അലി. മാറ്റം നല്ലതിനെന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ലെന്നും, മാറി നിൽക്കുന്ന അംഗങ്ങളെ തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവരും ചർച്ച ചെയ്തിരുന്നു. അതിൽ കൂടുതൽ സ്ത്രീകൾ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചു. ഇത്തവണ അതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്, ആസിഫ് അലി പറയുന്നു.
“അമ്മ എന്ന സംഘടനയെക്കുറിച്ച് ഞാനെപ്പോഴും പറയാറുണ്ട്, അതിന്റെ പേര് അമ്മ എന്ന് തന്നെയാണ്. അതിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ല. ആ സംഘടന അതിലെ അംഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവർ ഉണ്ടാകാം. അവരെയെല്ലാം സംഘടനയിലേക്ക് തിരിച്ച് കൊണ്ടുവരണം”, നടൻ ആവശ്യപ്പെട്ടു.
“ഞാൻ അമ്മയുടെ അംഗമായിട്ട് ഏകദേശം 13 വർഷമായി. ആ സമയത്ത് ഞങ്ങൾ ആസ്വദിച്ചിരുന്ന ഒരു ഐക്യവും ഒരു കുടുംബാന്തരീക്ഷവുമൊക്കെയുണ്ടായിരുന്നു. അതിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ തന്നെയാണ്. ഇത്തവണത്തെ പ്രസിഡന്റും കമ്മിറ്റിയും അംഗങ്ങളുമെല്ലാം എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു”, ആസിഫ് അലി പറഞ്ഞു.