നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. പ്രതി സാമ്പത്തിക ലാഭത്തിന് വേണ്ടി ഗുഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു. സോഷ്യൽ മീഡിയയിലൂടെയും പോൺ സൈറ്റിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്വേത മേനോൻ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരി മാണിക്യം കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അശ്ലീല രംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുളളത്. പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസ് കേസ് എടുക്കുകയുമായിരുന്നു.
അതേസമയം താരസംഘടന അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍ മത്സരിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു കേസ് വന്നിരിക്കുന്നത്. അമ്മ അസോസിയേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഇത്തവണ കൂടുതൽ സാധ്യത കൽപ്പിച്ചിരിക്കുന്നത് ശ്വേതയ്ക്കാണ്.