രാഞ്ഝണ സിനിമയുടെ ക്ലൈമാക്സ് എഐ ഉപയോഗിച്ച് മാറ്റം വരുത്തി പ്രദർശിപ്പിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ സംവിധായകൻ ആനന്ദ് എൽ റായി. ക്ലൈമാക്സിൽ മാറ്റം വരുത്തിയ റിറിലീസിനെതിരെ താനും ധനുഷും നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നതായി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംവിധായകൻ അറിയിച്ചത്. എഐ ഉപയോഗിച്ച് മാറ്റിയ ക്ലൈമാക്സ് പതിപ്പിനെ വളരെ അപകടകരമായ ഒരു കീഴ്വഴക്കം എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്. സൃഷ്ടികളുടെ ഉടമസ്ഥാവകാശത്തിന്റെ ഭാവിയെ കുറിച്ചുളള ഗുരുതരമായ ആശങ്കകളും തന്റെ പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചു.
ഞങ്ങളുടെ മറ്റ് സിനിമകളെ കുറിച്ചോർത്ത് താനും ധനുഷും വളരെ ആശങ്കാകുലരാണെന്ന് ആനന്ദ് എൽ റായ് പറയുന്നു. ഇത്തരം ബാഹ്യമായ ഇടപെടലുകളിൽ നിന്ന് ഞങ്ങളുടെ സൃഷ്ടികളെ സംരക്ഷിക്കാനും പുന:സ്ഥാപിക്കാനും ഞങ്ങൾ നിയമപരമായ പരിഹാരങ്ങൾ തേടുകയാണ്, സംവിധായകൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നോട്ട് ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങളെയാണ് പരിഗണിക്കുന്നതെങ്കിലും രാഞ്ജനയുടെ ക്ലൈമാക്‌സിൽ മാറ്റം വരുത്തിയതാണ് അടിയന്തര പ്രശ്‌നമെന്ന് ആനന്ദ് എൽ റായി കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് ഒന്നിനാണ് രാഞ്ഝണയുടെ തമിഴ് പതിപ്പ് നിർമാതാക്കളായ ഇറോസ് ഇന്റർനാഷണൽ റീ റിലീസ് ചെയ്തത്. അതിൽ സന്തോഷകരമായൊരു ക്ലൈമാക്‌സ് അവർ നൽകുകയായിരുന്നു. നേരത്തെ ആനന്ദ് എൽ റായ് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. “കഴിഞ്ഞ മൂന്ന് ആഴ്ചകൾ വളരെ അധികം അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. രാഞ്ഝണ സിനിമയിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ മാറ്റം വരുത്തി റീ റിലീസ് ചെയ്തു”, എന്നാണ് ആനന്ദ് കുറിച്ചത്.
ധനുഷും ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരുന്നു. എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ ക്ലൈമാക്‌സോടെ റിലീസ് ചെയ്ത രാഞ്ഝണ എന്നെ പൂർണമായും അസ്വസ്ഥനാക്കി എന്നാണ് നടൻ പറഞ്ഞത്. ഇത് സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കിയെന്നും. എന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് നിർമാതാക്കൾ ആ തീരുമാനവുമായി മുന്നോട്ടു പോയെന്നും ധനുഷ് കുറിച്ചു.