അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ചത്താ പച്ച’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഡബ്ല്യുഡബ്ല്യുഇയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. നവാഗതനായ അദ്വൈത് നായരാണ് ചത്താ പച്ച സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും ഗസ്റ്റ് റോളിൽ എത്തുന്നുണ്ട് എന്നതിനാൽ ചിത്രം കാണാനും ആളുകൾ തിരക്കുകൂട്ടുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ റോൾ മോഡലായ ബുള്ളറ്റ് വാൾട്ടർ എന്ന റെസ്‌ലറായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.
വെറും പത്ത് മിനിറ്റ് മാത്രമാണ് മമ്മൂട്ടി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് എങ്കിലും സീനുകൾ പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചു. എന്നാൽ പിന്നീട് യാതൊരു തരത്തിലുള്ള ഇംപാക്ടും വാൾട്ടറിന് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് പലരും പറയുന്നത്. സിങ്ക് സൗണ്ടിലുള്ള ഡയലോഗ് ഡെലിവറിയും ഒട്ടും ചേരാത്ത കോസ്റ്റ്യൂമും വിഗുമെല്ലാം വാൾട്ടറിന്റെ ഇംപാക്ട് കളഞ്ഞുവെന്നാണ് സിനിമ കണ്ടവരിൽ പലരും അഭിപ്രായപ്പെടുന്നത്.
ഈയിടെ പുറത്തിറങ്ങിയ ഭഭബ എന്ന സിനിമയിൽ മോഹൻലാൽ ഗസ്റ്റ് റോളിലെത്തിയ ഗില്ലി ബാലയുമായും സിനിമാ പ്രേക്ഷകർ താരതമ്യം നടത്തുന്നുണ്ട്. ‘ശരിക്കും ഒരു ആവശ്യം ഇല്ലാത്ത കാമിയോ’, ’എന്തായാലും ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ’ എന്നൊക്കെയാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്നാൽ അസുഖം ഭേദമായതിന് ശേഷം മമ്മൂട്ടി ആദ്യം ചെയ്ത ചിത്രമാണെന്നും അതിന്റെ അവശത മുഖത്ത് പ്രകടമായിരുന്നുവെന്നുമാണ് ചിലർ പറയുന്നത്.