ഈ അടുത്ത കാലത്തായി മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഹൊറർ സിനിമകളായ ഭൂതകാലം, ഭ്രമയുഗം സിനിമകൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ‘ഡീയസ് ഈറേ’യുടെ ട്രെയ്‌ലർ പുറത്ത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സിനിമയായിരിക്കും ഈ പ്രണവ് മോഹൻലാൽ ചിത്രം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
ഹൊറർ മൂഡിലാണ് ‘ഡീയസ് ഈറേ’ ഒരുക്കിയിരിക്കുന്നത്. ട്രെയിലറിന്റെ തുടക്കത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഹൊറർ ചിത്രമാണ് എന്ന് കാണിക്കുന്നുണ്ട്. ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ‘ക്രോധത്തിന്റെ ദിനം’ എന്നാണ് ഇതിന് അർത്ഥം വരുന്നത്.
പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ആദ്യത്തെ ഹൊറർ സിനിമയാണ് ‘ഡീയസ് ഈറേ’. 2025 ഏപ്രിൽ 29-ന് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. 35 ദിവസം എടുത്താണ് രാഹുൽ സദാശിവൻ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹാലോവീൻ ദിനമായ ഒക്ടോബർ 31നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക എന്നാണ് റിപോർട്ടുകൾ.