അധികം ഹേറ്റേഴ്‌സില്ലാത്ത നടിയാണ് ദിവ്യ ഉണ്ണി എങ്കിലും, അന്തരിച്ച താരം കലാഭവന്‍ മണിയുടെ പേരുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്നു. കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. മണിക്കൊപ്പം അഭിനയിക്കാന്‍ ദിവ്യ വിസമ്മതിച്ചുവെന്ന പ്രചാരണങ്ങള്‍ ദിവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ലെന്ന് സംവിധായകൻ വിനയന്‍ പറഞ്ഞു. കല്യാണ സൗഗന്ധികം എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതില്‍ ഒരു ആരാധകന്‍റെ സംശയത്തിലാണ് വിനയന്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്നു ഒരു നടി പറഞ്ഞന്ന് വിനയൻസാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
‘അത് ഈ സിനിമ അല്ല.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞതെന്നും വിനയൻ മറുപടി നൽകി. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ലെന്നും വിനയൻ കുറിച്ചു.
വിനയന്റെ മറുപടി
‘അത് ഈ സിനിമ അല്ല..
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്…
ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്ററന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു.
അത് ശരിയുമായിരുന്നു.
ദീലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു..
പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു..
കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ
അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു..
വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടൊണ്ട്.ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്..’
അതേസമയം ഇതേ വിഷയത്തിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയും നേരത്തെ പ്രതികരണം നടത്തിയിട്ടുണ്ടായിരുന്നു. വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി ദിവ്യ ഉണ്ണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദിവ്യയും കലാഭവന്‍ മണിയും പ്രണയിക്കുന്നതായ ഒരു ഭാഗമുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കി എന്നുമായിരുന്നു ആരോപണം.
ഈ ആരോപണം തെറ്റാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇതിനെ പറ്റി ഞാന്‍ പറഞ്ഞിരുന്നു. എനിക്കുമറിയാം അദ്ദേഹത്തിനുമറിയാം. മണിച്ചേട്ടനെ കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് ന്യായയുയക്തമല്ല. ആളുകള്‍ പറയുന്നത് പറഞ്ഞോണ്ടേയിരിക്കും. ഇവരെ എന്തിന് ഫീഡ് ചെയ്യണം. എന്തെങ്കിലും കാര്യം വേണ്ട എന്നുണ്ടെങ്കില്‍ അതിനെ പട്ടിണിക്കിടുക. അത് പട്ടിണി കിടന്നു ചാവട്ടെ. നമ്മള് വളര്‍ത്തുന്നതെന്തിനാ എന്നാണ് ദിവ്യ ഉണ്ണി ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.