ഇന്ത്യൻ സിനിമയിൽ വൻ തരംഗമായി മാറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടൊപ്പം ബോക്സോഫിസ് കലക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കി. പ്രഭാസ് നായകനായ ചിത്രത്തിൽ അനുഷ്ക ഷെട്ടിക്കൊപ്പം തമന്ന ഭാട്ടിയയും നായികയായി എത്തിയിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗത്തിൽ മാത്രാണ് തമന്നയ്ക്ക് കൂടുതൽ പ്രാധാന്യമുളള റോൾ ലഭിച്ചിരുന്നത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ വിവാദമായ ഒരു രംഗത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടി. പ്രഭാസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായ അവന്തിക എന്ന റോളിലാണ് തമന്ന ചിത്രത്തിൽ എത്തിയത്.
ബാഹുബലിയിലെ തമന്നയുടെ കഥാപാത്രത്തെ കാമറ ആംഗിളുകളിലൂടെയും കഥാപാത്രത്തിന്റെ ചില പെരുമാറ്റങ്ങളിലൂടെയും മോശമായി ചിത്രീകരിച്ചു എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേ കുറിച്ച് ദ് ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് തമന്ന സംസാരിച്ചത്. “ജീവിതത്തിൽ ഒരുപാട് യാതനകളിലൂടെ കടന്നുപോയിട്ടുള്ളതിനാൽ മറ്റുള്ളവർ തന്നെ ചൂഷണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീ. അതുകൊണ്ടുതന്നെ ബന്ധങ്ങളിൽ കൃത്യമായ അതിര് അവൾ സൂക്ഷിക്കുന്നു. എന്നാൽ, ഒരു യുവാവ് അവളെ പ്രണയിക്കാൻ ശ്രമിക്കുന്നു, അവളുടെ സൗന്ദര്യം അവൾക്കു മുന്നിൽ തുറന്നുകാട്ടുന്നു”.
“ചലച്ചിത്രകാരൻ മനോഹരമായി കാണിക്കാൻ ശ്രമിക്കുന്ന ഒന്ന് കാഴ്ചക്കാർ മറ്റൊന്നായി കണ്ടാൽ അതെൻ്റെ തെറ്റല്ല. കാര്യങ്ങളെ സർഗാത്മകമായി കാണുന്ന ആളെന്ന നിലയ്ക്ക് അവന്തികയെ ശാരീരികമായി ചൂഷണം ചെയ്തു’ എന്ന് ഞാൻ കരുതുന്നില്ല. ഒരു യുവാവിന്റെ പ്രണയത്തിലൂടെ അവന്തിക സ്വയം കണ്ടെത്തുകയായിരുന്നു”, തമന്ന അഭിമുഖത്തിൽ പറഞ്ഞു. മനോഹരമായ, സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ദിവ്യത്വമുള്ള സ്ത്രീ എന്നാണ് അവന്തികയുടെ കഥാപാത്രത്തെ രാജമൗലി സർ എനിക്ക് വിശദീകരിച്ചു തന്നതെന്നും നടി കൂട്ടിച്ചേർത്തു.