കന്നഡ ഗാനവം പാടാന്‍ തന്റെ ഒരു ആരാധകന്‍ ഭീഷണിപ്പെടുത്തിയതായി ഗായകന്‍ സോനു നിഗം. കന്നഡയില്‍ പാടാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായാണ് ഗായകന്‍ സംസാരിച്ചത്. താന്‍ പാടിയതില്‍ ഏറ്റവും മികച്ചവ കന്നഡ ഗാനങ്ങള്‍ തന്നെയാണ്. പക്ഷെ ആ പയ്യന്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. കന്നഡക്കാര്‍ക്ക് വേണ്ടി താന്‍ പാടും, എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണ് സോനു നിഗം പറയുന്നത്.
ബെംഗളൂരുവിലെ ഈസ്റ്റ് പോയിന്റ് കോളേജിലെ പ്രകടനത്തിനിടെയാണ് സോനു നിഗം ക്ഷുഭിതനായി സംസാരിച്ചത്. ”കന്നഡ ഗാനങ്ങള്‍ പാടാന്‍ ഇഷ്ടമാണ്. കര്‍ണാടകയിലെ ജനങ്ങളെ ബഹുമാനിക്കുന്നു. എല്ലാ ഭാഷകളിലും ഞാന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ജീവിതത്തില്‍ ഞാന്‍ പാടിയ ഏറ്റവും മികച്ചവ കന്നഡ ഗാനങ്ങളാണ്.”
”ഒരുപാട് സ്‌നേഹത്തോടെയാണ് നിങ്ങള്‍ക്കിടയിലേക്ക് വരുന്നത്. പക്ഷെ ഒരു പയ്യന്‍, അവന് എത്ര വയസ്സുണ്ടോ എന്തോ, അവന്‍ ജനിക്കുന്നതിന് മുമ്പ് മുതല്‍ ഞാന്‍ കന്നഡ ഗാനങ്ങള്‍ പാടുന്നുണ്ട്. അവന്‍ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘കന്നഡ, കന്നഡ’ എന്ന് വിളിച്ചു പറയുകയാണ്.”
”പഹല്‍ഗാമില്‍ സംഭവിച്ചത് എന്താണെന്ന് അറിയാമോ? ഇതാണ് കാരണം. നിങ്ങള്‍ ഇപ്പോള്‍ ചെയ്തത് എന്താണ്? ആദ്യം മുന്നില്‍ ആരാണ് നില്‍ക്കുന്നതെന്ന് നോക്കൂ. ഞാന്‍ കന്നഡക്കാരെ സ്‌നേഹിക്കുന്നു, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഞാന്‍ ലോകത്ത് എവിടെ പോയാലും, ഞാന്‍ എപ്പോഴും എല്ലാവരോടും പറയാറുണ്ട്. 14,000 പേരുള്ള സദസില്‍ നിന്ന് ഒരു ശബ്ദം വരും, ‘കന്നഡ’ എന്ന്.”
”അപ്പോള്‍ ഞാന്‍ അവര്‍ക്ക് വേണ്ടി, ആ ഒരു കന്നഡക്കാരന് വേണ്ടി കുറച്ച് വരികള്‍ കന്നഡയില്‍ പാടും. ഞാന്‍ നിങ്ങളെ അത്രയധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാല്‍ അല്‍പം കരുതല്‍ വേണം, നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല” എന്നാണ് സോനു നിഗം പറയുന്നത്.