മാര്‍ക്കോയില്‍ കൊല്ലപ്പെട്ടവര്‍ ജീവനോടെ ഉണ്ട്.. മയക്കുമരുന്നിന്റെ തേരോട്ടമാണ് അവസാനിപ്പിക്കേണ്ടത്, പകയുള്ള രാഷ്ട്രീയവും നിരോധിക്കണം: സീമ ജി നായര്‍

‘മാര്‍ക്കോ’ സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നതിനെതിരെ പ്രതികരിച്ച് നടി സീമ ജി നായര്‍. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ചാണ് സീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമൂഹത്തില്‍ വളര്‍ന്നു വരുന്ന അക്രമവാസനയ്ക്ക് കാരണം സിനിമയാണെന്ന വാദത്തെ എതിര്‍ത്ത് കൊണ്ടാണ് അക്രമ രാഷ്ട്രീയത്തിന്റെ ഇരകളെ അക്കമിട്ടു നിരത്തി സീമ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സിനിമയില്‍ കൊല്ലപ്പെട്ടവരില്‍ പലരും ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അവര്‍ ആയുസ്സ് എത്തിയാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയ താരം മയക്കുമരുന്ന് പോലെ ഭയപ്പെടേണ്ടതാണ് പകയുള്ള രാഷ്ട്രീയമെന്നും അഭിപ്രായപ്പെട്ടു.

സീമ ജി നായരുടെ കുറിപ്പ്:

കുറച്ചു ദിവസങ്ങള്‍ ആയി ചില കാര്യങ്ങള്‍ എഴുതണം എന്ന് കരുതി. ചിലര്‍ക്ക് ഇത് മോശം ആകും, ചിലര്‍ക്ക് ശരിയാവും, ചിലര്‍ക്ക് തെറ്റാവും. ‘മാര്‍ക്കോ’ എന്ന സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ആ സിനിമയാണ് പലതിനും കാരണം, അത് നിരോധിക്കുന്നു അങ്ങനെ പോകുന്നു പുകിലുകള്‍. ഇനി അടുത്ത കാര്യത്തിലേക്ക് കടക്കട്ടെ! കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററിനെ 1999ല്‍ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് പഠിപ്പിച്ചു കൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നത്, അന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനില ഒരു പാര്‍ട്ടിയും പരിശോധിച്ചില്ല.

ആ കുഞ്ഞുങ്ങള്‍, അവരുടെ മരണം വരെ ആ സീന്‍ ഓര്‍ത്തിരിക്കും. 2012ല്‍ രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായി ടി.പി ചന്ദ്രശേഖര്‍ എന്ന മനുഷ്യനെ…. (അദ്ദേഹം ഒറ്റയ്ക്കായിരുന്നു) ഒറ്റയ്ക്ക് പോകുകയായിരുന്ന ഒരു മനുഷ്യനെ കൊല്ലാന്‍ ഒരു കൂട്ടം ആള്‍ക്കാരായിരുന്നു ഉണ്ടായിരുന്നത്… കാറിടിച്ച് വീഴ്ത്തി, ബോംബെറിഞ്ഞ് ’51’ വെട്ട് വെട്ടി തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കി കൊന്നു… (അന്നൊന്നും മാര്‍ക്കോ ഇറങ്ങിയിട്ടില്ല).

2012 ഫെബ്രുവരി 20ന് അരിയില്‍ ഷുക്കൂര്‍ എന്ന പയ്യനെ രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്ത് കൊലപ്പെടുത്തി. 2019ല്‍ പെരിയ ഇരട്ടക്കൊലയില്‍ ശരത് ലാലും കൃപേഷും ക്രൂരമായി കൊല ചെയ്യപ്പെട്ടു. 2018 ജൂലൈ മാസത്തില്‍ എറണാകുളം മഹാരാജാസ് കോളജില്‍ വച്ച് അഭിമന്യു എന്ന 21 വയസ്സുകാരന്‍ കുത്തേറ്റുമരിച്ചു. ഇങ്ങനെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതിന്റെ കാരണങ്ങള്‍ നിസ്സാരം ആയിരുന്നു.

കഴിഞ്ഞ ദിവസം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന ഒരു സമരത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുന്നത് കേട്ടു, നേതൃത്വം നല്‍കുന്നത് ഒരു പെണ്‍കുട്ടി. ‘കയ്യും വെട്ടും, കാലും വെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’! അതേറ്റ് പറയാന്‍ നൂറ് കണക്കിന് കുട്ടികളും. മയക്കുമരുന്നിനെക്കാളും ഭീകരം ആയിട്ടാണ് ഇത് ഇന്‍ജക്ട് ചെയ്യപ്പെടുന്നത്, അത് രക്തത്തില്‍ കലരുകയാണ്. എന്തുചെയ്യാനും പ്രാപ്തര്‍ ആക്കുകയാണ് ഈ ക്യാംപസ് രാഷ്ട്രീയം. മാര്‍ക്കോ സിനിമയില്‍ കൊല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെ ഉണ്ട്. ഏതു സിനിമയില്‍ കൊന്നവരും ഇവിടെ ജീവനോടെ ഉണ്ട്. അവരെല്ലാം ആയുസ്സെത്തി തന്നെയാണ് മരിച്ചത്. (മുകളില്‍ എഴുതിയ ആരും ഇവിടെ ജീവനോടെ ഇല്ല)

ഒരു സിനിമ നിരോധിക്കുമ്പോള്‍ എവിടുന്ന് അത് കാണാന്‍ പറ്റും എന്ന് പുതുതലമുറ തേടിപ്പോവും. വീണ്ടും അതിന് കിട്ടുന്നത് പബ്ലിസിറ്റി ആണ്. അത് കാണാനുള്ള ആവേശം ആണ്. ഇവിടെ മയക്കുമരുന്നിന്റെ തേരോട്ടം ആണ്. അത് അവസാനിപ്പിക്കാതെ ഒരു കൊലപാതകങ്ങളും ഇല്ലാതാവുന്നില്ല, അതിന്റെ ഒപ്പമാണ് ‘പകയുള്ള രാഷ്ട്രീയവും’! ഇത് രണ്ടുമാണ് പ്രധാന വിഷയം. സിനിമകളെ നിരോധിക്കാന്‍ ആണെങ്കില്‍ ഇവിടെ ഇറങ്ങുന്ന ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ് സിനിമകള്‍ നിരോധിക്കേണ്ടിവരും. കാരണം ഞാനൊക്കെ ജനിച്ചപ്പോള്‍ മുതല്‍ സിനിമയില്‍ കാണുന്നതാണ് കൊല്ലലും, കൊലയും. ഒന്നിനെയും ന്യായീകരിക്കുന്നില്ല, പക്ഷേ ചിലത് എഴുതാതിരിക്കാന്‍ പറ്റില്ല.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍