ഇക്കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ ഇഷ്ട താരം അജു വർഗീസ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് എന്നിവരെ ടാഗ് ചെയ്ത് ‘ഇവരാണെന്റെ ഹീറോസ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. പിന്നാലെ അജുവിന്റെ വർക്ക് ഔട്ട് ചിത്രത്തിന് താഴെ സഹപ്രവർത്തകരായ ഉണ്ണി മുകുന്ദനും ഷറഫുദ്ദീനും നടത്തിയ കമന്റുകളും വലിയ ചർച്ചയായിരുന്നു.
‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിലെ ‘കേരളത്തിലെ ആൺപിള്ളേർക്കെന്തിനാടാ സിക്‌സ് പാക്ക്’ എന്ന അജുവിന്റെ തന്നെ പഴയ ഡയലോഗ് ഓർമിപ്പിച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ പരിഹാസം. ഇതിന് മറുപടിയായി താൻ ഉദ്ദേശിച്ചത് കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്‌സ് പാക്ക് ‘മാത്രം’ എന്നാണെന്ന് അജു തമാശരൂപേണ മറുപടി നൽകി. എന്തായാലും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഇപ്പോഴിതാ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ച നടൻ അജു വർഗീസിനെ പരിഹസിച്ച് ഭാര്യ അഗസ്‌റ്റീന പങ്കുവച്ച റീൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അജുവിൻ്റെ ഹീറോയിസം പൊളിച്ചടുക്കിയാണ് അഗസ്റ്റീന രംഗത്തെത്തിയിരിക്കുന്നത്. വ്യായാമം ഒന്നുമില്ലാതെ ഫാസ്‌റ്റ് ഫുഡ് കഴിച്ചുകൊണ്ട് എങ്ങനെ മെലിഞ്ഞ് നീളം വയ്ക്കാം എന്ന് ഐഫോണിലെ ‘സിറി’യോട് അജു ചോദിക്കുന്നതാണ് ഈ രസകരമായ വിഡിയോയുടെ ഉള്ളടക്കം. ‘നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുകയാണ്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച റീൽ ഇതിനോടകം ആരാധകരും താരങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.