പൊതുഗതാഗതസംവിധാനങ്ങളിൽ സ്ത്രീകളോട് അതിക്രമം കാണിക്കുന്നവരുടെ വീഡിയോ പകർത്തി പരസ്യപ്പെടുത്തി അവരെ നാണം കെടുത്തണമെന്ന് ഗായിക ചിന്മയി ശ്രീപദ. ഇത്തരം അതിക്രമം ചെയ്യുന്നവർ ഒരു കോടതിയിലും എത്താറില്ലെന്നും എന്നാൽ, തങ്ങൾ ജീവിതകാലം മുഴുവൻ ട്രോമയിൽ കഴിയേണ്ടി വരുന്നുവെന്നും ചിന്മയി പറഞ്ഞു. ‘എക്സി’ലാണ് ഗായിക കുറിപ്പ് പങ്കിട്ടത്.
കുറിപ്പിന്റെ പൂർണരൂപം
‘പ്രിയപ്പെട്ട പെൺകുട്ടികളേ, (പുരുഷന്മാരോടും, ബസുകളിൽ പുരുഷന്മാരും അതിക്രമത്തിന് ഇരയാകുന്ന കാര്യം നമുക്കറിയാം) ഇത്തരം പ്രവൃത്തികൾ റെക്കോർഡ് ചെയ്ത് പരസ്യപ്പെടുത്തി അതിക്രമം കാണിക്കുന്നവരെ നാണം കെടുത്തുക. ഇവയിൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവരിൽ എത്ര പേർ പങ്കാളിയേയും പ്രായമായ മാതാപിതാക്കളേയും കുട്ടികളേയും മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുമെന്നും നമുക്ക് അറിയാം. അവർക്ക് കോടതി മുറികൾ കാണേണ്ടി വരാറില്ല. നമ്മളാണ് ആ ട്രോമയിൽ ജീവിക്കുന്നത്.’
തിരുവനന്തപുരത്ത് കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടി നേരിട്ട ലൈംഗിക അതിക്രമത്തിന്റെ വിഡിയോ റീഷെയർ ചെയ്തുകൊണ്ടാണ് ചിന്മയിയുടെ കുറിപ്പ്. അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറയാക്കിവച്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിക്കുകയായിരുന്നു. ‘ഈ അക്രമം കാണിച്ചയാൾ ആത്മഹത്യ ചെയ്താലും സൈബർ ലോകം ആ കുട്ടിയെ കുറ്റപ്പെടുത്തുമായിരുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.