മലയാളി പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമാണ് ജഗതി ശ്രീകുമാർ. മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോട്ടയം നസീറും ജഗതി ശ്രീകുമാറുമായുള്ള പഴയ ഒരു അഭിമുഖമാണ് ചർച്ചയാകുന്നത്. ഇനിയൊരു കാലം വരുമ്പോൾ ചിലപ്പോൾ ഇതൊന്നും ആയിരിക്കില്ല ശൈലിയെന്നും ചിലപ്പോൾ നമ്മളെ തന്നെ സിനിമ എന്ന മീഡിയത്തിന് വേണ്ട എന്നാവും എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. സിനിമയിൽ എഐയുടെ ഉയർച്ചയെക്കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.
‘അഭിനയത്തിൽ തന്നെ കാലഘട്ടത്തിന്റേതായ വ്യത്യാസമുണ്ട്. ഇപ്പോൾ എനിക്ക് വളരെ വ്യക്തമായിട്ടറിയാം ഇനിയൊരു 20 വർഷം കഴിഞ്ഞാൽ ഇപ്പോൾ എന്റെ ഒരു അഭിനയരീതി തന്നെ അന്നത്തെ തലമുറ അംഗീകരിക്കണം എന്നില്ല. നമുക്കത് ഇപ്പോൾ മനസിലാകും. കഴിഞ്ഞ തലമുറയിൽപെട്ട നടന്മാരുടെ പല പ്രകടനങ്ങളും കുറച്ചുകൂടെ ഭംഗിയാക്കുമായിരുന്നു എന്ന് നമുക്കിപ്പോൾ തോന്നിയിട്ടുണ്ട്. പലരിലും നാടകീയത കാണാറുണ്ട്. ഇതൊന്നും പറയാറില്ല ആരും. എല്ലാം ‘ ദി ബെസ്റ്റ്’ എന്ന് പറഞ്ഞുപോകുന്ന ഒരു കീഴ്വഴക്കമാണ് നമുക്കുള്ളത്. അന്ന് അഭിനയത്തിൽ നാടകീയത ആവശ്യമായിരുന്നു എങ്കിൽ ഇന്ന് നാടകീയത അശേഷം ആവശ്യമില്ല. അഭിനയിക്കുക എന്ന തോന്നൽ ഉണ്ടാകാതെ അഭിനയിക്കുക എന്നതാണ്. പണ്ട് അഭിനയിക്കുക എന്ന തോന്നൽ ഉണ്ടാകുന്ന രീതിയിൽ അഭിനയിക്കണം.
ഇനിയൊരു കാലം വരുമ്പോൾ ചിലപ്പോൾ ഇതൊന്നും ആയിരിക്കില്ല ശൈലി. ചിലപ്പോൾ നമ്മളെ തന്നെ സിനിമ എന്ന മീഡിയത്തിന് വേണ്ട എന്നാവും. ടെക്‌നോളജി അത്രയ്ക്കും മുന്നോട്ട് പോവുകയാണ്. ഇപ്പോൾ കോട്ടയം നസീറിന്റെയോ ജഗതി ശ്രീകുമാറിന്റെയോ ഒരു ഫോട്ടോ ഉണ്ടെങ്കിൽ ഒരു രണ്ട് രണ്ടര മണികൂറുള്ള ചിത്രം ഉണ്ടാക്കാനുള്ള അനിമേഷൻ സിസ്റ്റവും ഗ്രാഫിക്സ് സിസ്റ്റവും ഒക്കെ വരികയാണ്. അപ്പോൾ ടെക്‌നോളജി വളരെ മുന്നോട്ട് പോവുകയാണ്’ എന്നാണ് അദ്ദേഹം പറയുന്നത്
View this post on InstagramA post shared by CINEHUNT ENTERTAINMENTS (@cinehunt_entertainments)
അതേസമയം, ‘വല’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ എന്റർടെയ്‌നറാണ്. അനാർക്കലി മരിക്കാർ, ബേസിൽ ജോസഫ്, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ തുടങ്ങി നിരവധി പേർ ‘വല’യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മമ്മൂട്ടിയുടെ ‘സിബിഐ 5’ എന്ന ചിത്രത്തിലും ജഗതി ഒരു പ്രധാന വേഷം ചെയ്തു.