ഇക്കഴിഞ്ഞ കുറച്ചുനാളുകളായി പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയും നടനും കോമഡി താരവുമായ ഹരീഷ് കണാരനും തമ്മി അസ്വാരസ്യങ്ങൾ ഏറെയാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഇടയ്ക്കിടെ ഇരുവരും ഉയർത്തുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും അത്തരത്തിൽ ആരോപണങ്ങളുമായി എൻ എം ബാദുഷ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി ചർച്ചകളും ഉടലെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ എം ബാദുഷ.
താൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലയിടത്തുനിന്നും ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചതെന്ന് എൻ എം ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ ഞെട്ടിച്ചുവെന്നും പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു താനെന്നും അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും എൻ എം ബാദുഷ പറഞ്ഞു.
സത്യവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ എന്നും ബാദുഷ പറഞ്ഞു. ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ലെന്നും എല്ലാവരോടും സ്നേഹം മാത്രമാണ് ഉള്ളതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ബാദുഷ പറയുന്നു. ഹരീഷ് കണാരന്റെയും വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബാദുഷ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.