പൃഥ്വിരാജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരേപോലെ നേടിയെടുത്ത ചിത്രമായിരുന്നു. ബോബി സഞ്ജയ് കൂട്ടുകട്ടിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുളള സംസ്ഥാന അവാർഡ് ലാൽജോസ് നേടിയത്. അയാളും ഞാനും തമ്മിൽ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു സംഭവം തുറന്നുപറയുകയാണ് ലാൽ ജോസ്. ചിത്രത്തിൽ പൃഥ്വിരാജും കലാഭവൻ മണിയും ഉൾപ്പെട്ട ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ നടന്ന കാര്യമാണ് ഒരഭിമുഖത്തിൽ ലാൽജോസ് വെളിപ്പെടുത്തിയത്.
സിനിമയിൽ കലാഭവൻ മണി പൃഥ്വിരാജിന്റെ കാലിൽ വീഴുന്ന ഒരു സീനുണ്ട്. ഇത് ചെയ്യുന്നതിന് മുൻപായി വളരെ ഡ്രാമാറ്റിക്കായിട്ടുള്ള ഒന്നായതു കൊണ്ട് ആ സീൻ വർക്കാകില്ലെന്നായിരുന്നു മണിയുടെ അഭിപ്രായം. പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന സീനിൽ മണി അത്ര കൺവിൻസ്ഡ് ആയിരുന്നില്ല. അന്ന് മണി പറഞ്ഞ കാരണം ന്യായമായിരുന്നു. ‘കാലം മാറി, ന്യൂ ജനറേഷനാണ്, ഇത്തരം സീനുകളൊന്നും പുതിയ ആള്‍ക്കാരുടെ ഇടയില്‍ വര്‍ക്കാകില്ല’ എന്നായിരുന്നു മണിയുടെ ന്യായം.
എന്നാൽ എന്റെ സിനിമയില്‍ എന്ത് വേണമെന്ന് ഞാനല്ലേ തീരുമാനിക്കുക എന്ന് മണിയോട് പറഞ്ഞപ്പോൾ അദ്ദേഹം കണ്‍വിന്‍സായെന്നും ലാൽ ജോസ് പറഞ്ഞു. ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽജോസ് മനസുതുറന്നത്. മികച്ച നടന്‍, സംവിധായകന്‍ വിഭാഗങ്ങളിലുൾപ്പെടെ നാല് സംസ്ഥാന അവാർഡുകളാണ് 2012ൽ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ നേടിയത്. പൃഥ്വിരാജിനും കലാഭവൻ മണിക്കും പുറമെ പ്രതാപ് പോത്തൻ, നരേൻ, സംവൃത സുനിൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.