പൃഥ്വിരാജ് സുകുമാരന്റെതായി റിലീസ് ചെയ്ത എറ്റവും പുതിയ ഹിന്ദി ചിത്രമാണ് സർസമീൻ. കജോൾ നായികയായി എത്തുന്ന സിനിമ ഒടിടി റിലീസിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ കജോളിനെ കൊണ്ട് പൃഥ്വിരാജ് മലയാളം പറയിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നരസിംഹത്തിലെ മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് ആയ ‘എന്താ മോനെ ദിനേശാ’ ആണ് കജോളിനെക്കൊണ്ട് പൃഥ്വി വീഡിയോയിൽ പറയിപ്പിക്കുന്നത്.
ഡയലോഗ് പറയുന്നതിന് മുൻപായി പൃഥ്വി കജോളിനോട് തോൾ ചരിച്ച് ഇരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. തുടർന്നാണ് തോൾ ചരിച്ച് ലാലേട്ടൻ സ്റ്റൈലിൽ കജോൾ രസകരമായി ഡയലോഗ് അവതരിപ്പിച്ചത്. നന്നായി ചെയ്തതിന് പൃഥ്വി കജോളിനെ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. ലാലേട്ടന്റെ ഡയലോഗ് പറഞ്ഞതിന് പിന്നാലെ കജോൾ തന്റെയും കേരളത്തിലെ എല്ലാ മോഹൻലാൽ ആരാധകരുടെയും ഗുഡ് ബുക്സിൽ കയറിപറ്റിയെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
അതേസമയം കയോസ് ഇറാനിയാണ് സർസമീൻ സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തെന്നിന്ത്യൻ ഭാഷകളിലുളള സിനിമയുടെ ഡബ്ബ് വേർഷനും ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. ധർമ്മ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ജൂലൈ 25 നാണ് സിനിമ റിലീസ് ചെയ്തത്. സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഇബ്രാഹിം എത്തുന്നത്.