വേടന് മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നല്‍കിയതില്‍ വിവാദം കടുക്കുകയാണ്. ലൈംഗികാരോപണവിധേയനായ വേടന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നല്‍കിയതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വിമര്‍ശനവും സുദര്‍ശനവും ഉണ്ടാവും അത് അതിന്റെ വഴിക്ക് പോകട്ടെ എന്നാണ് കൈതപ്രം പറയുന്നത്.
വേടന് അവാര്‍ഡ് നല്‍കിയതിനെ കുറിച്ച് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിച്ച ജൂറിയോട് ചോദിക്കേണ്ടതാണ്. താന്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. വിമര്‍ശനവും സുദര്‍ശനവുമൊക്കെ ഉണ്ടാവും, അത് അതിന്റെ വഴിക്ക് പോകട്ടെ എന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രതികരണം.
മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിലെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
അതേസമയം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് ‘വേടന് പോലും അവാര്‍ഡ് നല്‍കി’ എന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം വിവാദമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പരാതികളില്ലാതെ സിനിമാ അവാര്‍ഡ് നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടതിന്റെ തുടര്‍ച്ചയായി മന്ത്രി പറഞ്ഞ വാക്കുകള്‍ ആയിരുന്നു വിവാദമായത്.
ഈ വിഷയത്തില്‍ ആദ്യം മന്ത്രിക്കെതിരെ വേടന്‍ പ്രതികരിച്ചെങ്കിലും പിന്നീട് അത് തിരുത്തിയിരുന്നു. മന്ത്രി സജി ചെറിയാന്‍ തന്നെ അപമാനിച്ചതായി കരുതുന്നില്ല. കലാകാരന്‍ എന്ന നിലയില്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഈ പുരസ്‌കാരം തന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാരെ സഹായിക്കുന്ന കാര്യമാണ് എന്നാണ് വേടന്‍ പറഞ്ഞത്.