കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അതിഥികളായി വനിതാ അഭിനേതാക്കളെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് നടനും സംവിധായകനും ജോയ് മാത്യു. കേരളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെ ചോദിക്കുന്നത്.
”കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍. എല്ലാവരും സൂപ്പര്‍. എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതിദാരിദ്ര്യമില്ലെന്ന് പറയാന്‍ ഒരു സ്ത്രീയേയും കിട്ടിയില്ലേ? മലയാളത്തില്‍ നടികള്‍ക്ക് ഇത്ര ദാരിദ്ര്യമോ? നാട്ടില്‍ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളത് മൊയലാളീ’ എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം.
അതേസമയം, അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുക്കില്ല. ഇരുതാരങ്ങളും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
മമ്മൂട്ടി ആയിരിക്കും ചടങ്ങിലെ മുഖ്യാതിഥി. ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു.