സിനിമ പ്രഖ്യാപിക്കാനിരിക്കവെ വിജയ് തന്റെ ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ഗോപിചന്ദ് മലിനേനി. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള വിജയ്‌യുടെ തീരുമാനത്തെ തുടര്‍ന്നാണ് തന്റെ ചിത്രം നടക്കാതെ പോയത് എന്നാണ് ഗോപിചന്ദ് പറയുന്നത്. മാത്രമല്ല ഒരു തെലുങ്ക് സംവിധായകന്റെ സിനിമ ചെയ്യാതിരിക്കാന്‍ വിജയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.
”വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം ഒരു കഥയുമായി വിജയ്‌യെ സമീപിച്ചു. അദ്ദേഹത്തിന് കഥ വളരെ ഇഷ്ടമായി. ഒറ്റ സിറ്റിങ്ങില്‍ തന്നെ അദ്ദേഹം സ്‌ക്രിപ്റ്റിന് ഓക്കേ പറഞ്ഞു. ചിത്രം അനൗണ്‍സ് ചെയ്യാനിരിക്കവെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി പ്രഖ്യാപിച്ചത്.”
”അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ തെലുങ്ക് സംവിധായകന് പകരം ഒരു തമിഴ് സംവിധായകനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. തെലുങ്ക് സംവിധായകനൊപ്പം വാരിസ് എന്ന ചിത്രം ചെയ്തു നില്‍ക്കുന്ന സമയമായതിനാല്‍ വീണ്ടും തെലുങ്ക് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കരുത് എന്ന് അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു” എന്നാണ് ഗോപിചന്ദ് മലിനേനി പറയുന്നത്.
അതേസമയം, ‘ജാട്ട്’ ആണ് ഗോപിചന്ദ് മലിനേനിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. സണ്ണി ഡിയോളിനെ നായകനാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം വിജയമായിരുന്നു. നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കിയ വീര സിംഹ റെഡ്ഡിയും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.